കുമളി: മദ്യകുപ്പിയുമായി വോട്ട് ചെയ്യാൻ എത്തിയയാൾ പിടിക്കപെടുമെന്നായപ്പോൾ ഓടി രക്ഷപ്പെട്ടു .
അരയിൽ തിരുകിയിരുന്ന മദ്യകുപ്പിക്ക് പെട്ടെന്ന് ജീവൻവച്ച്, അത് പെട്ടെന്ന് പുറത്ത് ചാടുമെന്നോ ഇങ്ങനെ ചതിക്കുമെന്നോ വോട്ട് ചെയ്യാനെത്തിയ മോനച്ചൻ (60) സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഉശിരിന് കൂട്ടുമായ പ്രിയപ്പെട്ട കൂട്ടുകാരനെ അരലിറ്റർ രൂപത്തിൽ അരയിൽ തിരുകിയതാണ് കുമളി ആറാം മൈൽസ്വദേശി മോനച്ചൻ. ആറാം മൈൽ സെന്റ് ഡോമിനിക് എൽ.പി സ്‌കൂളിലെ 72ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു മോനച്ചൻ. അരയിൽ അര ലിറ്ററിന്റെ ഒരു കുപ്പി തിരുകിയിരുന്നു. രാവിലെ പത്തോടെ വോട്ട് ചെയ്യാനായി ബൂത്തിനുള്ളിൽ കയറിയതും കുപ്പി താഴെ വീണു. ഇതു കണ്ട പൊലീസ് കുപ്പിയും കുപ്പിക്കാരനേയും പൊക്കാനുള്ള ശ്രമത്തിനിടയിൽ കുപ്പിക്കാരൻ പൊലീസിനെ തള്ളിയിട്ട് ഓടിരക്ഷപെട്ടു. പൊലീസ് കേസെടുത്തു.