തൊടുപുഴ/കുമളി: വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ പലയിടത്തും പോളിംഗ് മണിക്കൂറുകളോളം വൈകി. രാവിലെ തന്നെ കാപ്പ് എൻ.എസ്.എസ്.എൽ.പി സ്‌കൂളിലെ 108ാം നമ്പർ ബൂത്തിലാണ് യന്ത്രം പണിമുടക്കി. തുടർന്ന് ഉദ്യോഗസ്ഥർ രണ്ടാമത് വോട്ടിംഗ് യന്ത്രം ബൂത്തിലെത്തിച്ചതിന് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്. ഇതോടെ രാവിലെ ഏഴിന് തുടങ്ങേണ്ടിയിരുന്ന വോട്ടിംഗ് 8.10നാണ് ആരംഭിച്ചത്. ഇതോടെ പോളിംഗ് ബൂത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ 97ാം നമ്പർ ബൂത്തിൽ പത്രണ്ടരയോടെ വോട്ടിംഗ് യന്ത്രം കേടായതിനെ തുടർന്ന് 50 മിനിട്ടിലധികം വോട്ടിംഗ് തടസപ്പെട്ടു. പകരം യന്ത്രം എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. ഇതുകൂടാതെ അടിമാലി, കഞ്ഞിക്കുഴി, മറയൂർ എന്നിവിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറിലായി വോട്ടിംഗ് വൈകി. ഇതോടെ പ്രായമായവരും സ്ത്രീകളുമടക്കം നിരവധി പേരാണ് വലിയ ബുദ്ധിമുട്ടിലായത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ജോലിക്ക് പോകാനിരുന്നവരും യന്ത്രം തകരാറിലായതോടെ ദുരിതത്തിലായി. ചെങ്കര 85-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് സ്ളിപ്പ് ലഭിക്കാത്തതിനെ തുടർന്ന് അംഗൻവാടി ജീവനക്കാർ പ്രതിഷേധിച്ചു.