തൊടുപുഴ: രാവിലെ മുതൽ തുടങ്ങിയ പോളിംഗ് രാത്രി വൈകിയും അവസാനിക്കാതെ തുടരുന്നതായിരുന്നു 18-ാം ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ കണ്ട കാഴ്ച. പോളിംഗ് ആരംഭിക്കുമ്പോൾ തന്നെ പതിവിലും കവിഞ്ഞ തിരക്കുണ്ടായിരുന്നു ബൂത്തുകളിൽ. യുവാക്കളും പ്രായമായവരുമൊക്കെയാണ് ആദ്യ മണിക്കൂറുകളിൽ എത്തിയവരിലേറെയും. വേനൽ ചൂട് കനത്തതോടെ വോട്ടർമാർ വിയർത്തൊലിക്കുന്നത് കാണാമായിരുന്നു. രാവിലെ നേരത്തേയെത്തി വോട്ട് ചെയ്ത് പോകാമെന്ന് കരുതി എത്തിയവരും നീണ്ട ക്യൂവിൽ വലഞ്ഞു. ചിലരൊക്കെ ചൂട് കുറഞ്ഞ് വന്ന് വോട്ട് ചെയ്യാം എന്ന് പറഞ്ഞ് മടങ്ങുകയും ചെയ്തു. എങ്കിലും വേനൽ ചൂടിനെ തോൽപ്പിക്കുന്ന ആവേശവുമായി നിൽക്കുന്ന വോട്ടർമാരുമുണ്ടായിരുന്നു. മോക് പോളിംഗ് രാവിലെ തന്നെ നടത്തി പ്രശ്നങ്ങൾ പരിശോധിച്ച് ഏഴിന് തന്നെ വോട്ടെടുപ്പ് തുടങ്ങി. കേരളത്തിലെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലും ഏഴിന് തന്നെ തിരഞ്ഞെടുപ്പ് പക്രിയകൾ ആരംഭിച്ചു. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിനുള്ളിൽ അഞ്ച് ശതമാനം പോളിംഗ് മാത്രമാണ് നടന്നത്. പത്ത് മണിയോടെ ഇടുക്കി ലോക്സഭാ മണ്ഡലം പോളിംഗ് നിലയിൽ കുതിപ്പ് തുടങ്ങി. 15.05 ശതമാനമായിരുന്നു വോട്ട്. ഉടുമ്പൻ ചോലയിലായിരുന്നു മുന്നിൽ- 17.41 ശതമാനം. ഇടുക്കിയിൽ- 14.41, ദേവികുളത്ത്- 14.29, തൊടുപുഴ- 15.64, പീരുമേട്- 14.98, മൂവാറ്റുപുഴ- 14.19, കോതമംഗലം- 14.47 എന്നിങ്ങനെയയിരുന്നു മറ്റ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം. ഉച്ചയ്ക്ക് ഒരു മണിയോടെ പോളിംഗ് കുതിച്ചുയരുന്ന കാഴ്ചയാണ് കണ്ടത്. പോളിംഗ് ശതമാനം 40.08 ലേക്കെത്തി. ഇടുക്കിയിൽ- 32.42, ദേവികുളത്ത്- 33.81, തൊടുപുഴ- 40.59, ഉടുമ്പൻചോല- 43.44, പീരുമേട്- 40.77, മൂവാറ്റുപുഴ- 37.98, കോതമംഗലം- 39.36 എന്നിങ്ങനെയായിരുന്നു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിംഗ് നില.
ഒടുവിൽ ടോക്കൺ നൽകി
ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ പോളിംഗ് വൈകിക്കുന്നുവെന്ന ആക്ഷേപവുമുയർന്നു. ചിലയിടങ്ങളിൽ നീണ്ട ക്യൂ രൂപപ്പെട്ടതോടെ വോട്ടർമാരിൽ പലരും തളർന്നു തുടങ്ങി. വിദൂരമേഖലകളിൽ നിന്നും മറ്റും വൃദ്ധരായ നിരവധി പേരെ വാഹനങ്ങളിലും മറ്റും എത്തിക്കുന്ന കാഴ്ചയും കാണാമായിരുന്നു. ഉച്ചകഴിഞ്ഞതോടെ പ്രവർത്തകർ വോട്ട് ചെയ്യാത്തവരെ വോട്ടേഴ്സ് ലിസ്റ്റിൽ നോക്കി കണ്ടുപിടിച്ച് വോട്ട് ചെയ്യാൻ എത്താത്തതെന്തേ എന്ന് അന്വേഷിച്ച് തുടങ്ങി. പലരെയും വീട്ടിൽ നിന്ന് ബൂത്തിലെത്തിച്ചു. വൈകിട്ട് നാല് മണിയോടെ ഇടുക്കി ലോക്സഭ മണ്ഡലത്തിലെ പോളിംഗ് 53.29 ശതമാനത്തിലേക്ക് കുതിച്ചു. പോളിംഗ് അവസാനിക്കുന്ന ആറ് മണിക്കും നീണ്ട ക്യൂ ബൂത്തുകളിൽ അവസാനിച്ചിരുന്നില്ല. വൈകിട്ട് ആറിന് 64.42 ശതമാനം വോട്ടാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. അപ്പോഴും പല ബൂത്തുകളിലും നീണ്ട ക്യൂ അനുഭവപ്പെട്ടതോടെ ചില ഇടങ്ങളിൽ വോട്ടർമാർ നീരസം പ്രകടിപ്പിച്ചു. കാത്തു നിന്ന എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം നൽകിയാണ് ഉദ്യോഗസ്ഥർ ബൂത്തിൽ നിന്ന് മടങ്ങിയത്. തങ്ങളുടെ സ്ഥാനാർത്ഥിക്ക് കിട്ടാവുന്ന വോട്ടുകൾ എല്ലാം പെട്ടിയിലാക്കി എന്ന വിശ്വാസത്തിൽ പ്രവർത്തകരും വീടുകളിലേക്ക് മടങ്ങി.
പോളിംഗ് എട്ട് മണി വരെ നീണ്ടു
ഉപ്പുതറ കണ്ണമ്പടി 27ാം നമ്പർ ബൂത്ത്, തൊടുപുഴ കീരികോട് 78ാം നമ്പർ ബൂത്ത്, മറയൂർ ഏഴാം നമ്പർ ബൂത്ത് എന്നിവിടങ്ങളിൽ വോട്ടിംഗ് രാത്രി വൈകിയും നീണ്ടു. കീരികോട് 7.45നാണ് വോട്ടിംഗ് അവസാനിച്ചത്.