അടിമാലി: അറുപത്തി ഒന്ന് വർഷമായി അടിമാലി കലവറപ്പറമ്പിൽ അഗസ്റ്റിൻ പെരേരയും (98) ഭാര്യ ഗെർളി പെരേരയും (88) ഒരുമിച്ചാണ് സമതിദാന അവകാശം വിനിയോഗിക്കുന്നത്. ഒരിക്കലും തങ്ങളുടെ ജനാധിപത്യ അവകാശം ഇവർ മുടക്കാറില്ല. പേപ്പർ ബാലറ്റിൽ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്ക് മാറിയതുൾപ്പെടെ തിരഞ്ഞെടുപ്പ് ഓർമ്മകൾ നിരവധി. സ്ഥിരമായി മക്കൾക്കൊപ്പം ആണ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നത്. ഇന്നലെ അടിമാലി സർക്കാർ ഹൈസ്‌കൂളിലെ 123 ആം നമ്പർ ബൂത്തിൽ ഇരുവരും എത്തിയത് നാല് തലമുറകളുമായി. 98 വയസ്സുള്ള അഗസ്റ്റിന് തുടങ്ങി 23 വയസ്സുള്ള കൊച്ചുമകൾ അൽവീന വരെ ഇന്നലെ ജനവിധി എഴുതി. രാജ്യത്തെ ജനാധിപത്യ സമ്പ്രദായ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പ്രായത്തിന്റെ അവശതകൾ ഇരുവരെയും തളർത്തുന്നുമില്ല.