മാങ്കുളം: ടൗണിന്റെ പ്രധാനകേന്ദ്രങ്ങളിൽ കൂടുതൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നാവശ്യം. വിനോദ സഞ്ചാര സാദ്ധ്യത വർദ്ധിച്ചതോടെ വളർച്ചയുടെ പാതയിലാണ് മാങ്കുളം ടൗൺ. മുമ്പ്‌ റേഷൻ കട സിറ്റി, പള്ളി സിറ്റി, പട്ടക്കട സിറ്റിയെന്നിങ്ങനെ വിവിധ ഭാഗങ്ങളിലായിട്ടായിരുന്നു ടൗൺ സ്ഥിതി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ പുതിയ കെട്ടിടങ്ങളും വ്യാപാര ശാലകളും വന്നതോടെ ടൗണുകൾ ഒന്നായി മാറി. ഈ സാഹചര്യത്തിലാണ് ടൗണിന്റെ പ്രധാനകേന്ദ്രങ്ങളിൽ കൂടുതൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ ഇടപെടൽ വേണമെന്ന ആവശ്യമുയർന്നിട്ടുള്ളത്. ടൗണിലെ പ്രധാന ഭാഗമായ പള്ളിസിറ്റിയിൽ മാത്രമാണിപ്പോൾ ഹൈമാസ്റ്റ് ലൈറ്റുള്ളത്. റേഷൻ കടസിറ്റിയിലും ഫെഡറൽ ബാങ്ക് പരിസരത്തുമടക്കം കൂടുതൽ ലൈറ്റുകൾ സ്ഥാപിച്ച് ടൗണിനെയാകെ രാത്രികാലത്ത് പ്രകാശപൂരിതമാക്കേണ്ടതുണ്ട്. മാങ്കുളത്തിന്റെ വിനോദസഞ്ചാരമേഖല വളർന്നതോടെ രാത്രികാലങ്ങളിലും വിനോദ സഞ്ചാരവാഹനങ്ങളും ആളുകളുമൊക്കെ ടൗണിലൂടെ കടന്നുപോകുന്നുണ്ട്. ജീപ്പ് സഫാരി പൂർത്തിയാക്കി സഞ്ചാരികൾ പലപ്പോഴും രാത്രികാലത്താണ് മാങ്കുളത്ത് നിന്ന് മടങ്ങാറ്. ടൗണിൽ വെളിച്ചമുണ്ടായാൽ സഞ്ചാരികൾക്ക് ഉൾപ്പെടെയിത് സഹായകരമാകും. ടൗണിന് പുറമെ പഞ്ചായത്ത് പരിധിയിലെ പ്രധാന ഇടവഴികളും കവലകളും വിനോദ സഞ്ചാരികൾ എത്തുന്ന ഇടങ്ങളുമൊക്കെ പൂർണ്ണമായി പ്രകാശമാനമാക്കാനുള്ള ഇടപെടൽ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.