തൊടുപുഴ: ജില്ലാ കരാട്ടേ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റ് ഡാൻഗ്രേഡ്- 2024 നാളെ രാവിലെ 10.30ന് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഹിന്ദ് ഷിറ്റോ റിയു കരാട്ടേ സ്റ്റൈൽ പ്രസിഡന്റ് അരുൺ മാത്യു വടക്കൻ സ്വാഗതവും ഓൾ കേരള ഹിന്ദ് ഷിറ്റോ റിയു കരാട്ടേ സ്റ്റൈൽ ചെയർമാനും റിട്ട: ഡിവൈ.എസ്.പിയുമായ മാത്യു പോൾ ആമുഖ പ്രസംഗവും നടത്തും. ഡമോൺസ്‌ട്രേഷൻ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് മുൻ മേധാവി വി.യു. കുര്യാക്കോസ്,​ കരാട്ടേ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവ്വഹിക്കും. മുൻ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എം.എസ്. പവനൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗം കെ. ശശിധരൻ, നാഗപ്പുഴ സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോൺ കടവൻ, സൗത്ത് ഇന്ത്യൻ മാസ്റ്റർ എ.ജി.എ. രാജ, കരാട്ടെ സ്പോർട്സ് അക്കാഡമി ചീഫ് ഇൻസ്പെക്ടർ ബേബി എബ്രഹാം എന്നിവർ പ്രസംഗിക്കും. തയ്‌ക്കോണ്ടോ, കൂടോ, വടംവലി, സെപക് താക്കറോ, ടെന്നിക്വയ്റ്റ് എന്നിവയിൽ കുട്ടികൾക്കു പരിശീലനം നൽകിവരുന്ന ബേബി എബ്രഹാം ജില്ലാ ബോക്‌സിംഗ് അസോസിയേഷന്റെ സെക്രട്ടറിയും സംസ്ഥാന പരിശീലകനുമാണ്. വാർത്താസമ്മേളനത്തിൽ ബേബി എബ്രഹാം,​ അക്കാഡമിയിലെ പരിശീലകരായ യഥുരാജ്,​ സി.എൽ. ദിവ്യ,​ സന്ധ്യ സജീവ് എന്നിവർ പങ്കെടുത്തു.