ഇടുക്കി: ദീർഘനാളായി മലയോര ജനതയുടെ തലയ്ക്ക് മുകളിൽ ഡെമോക്ലസിന്റെ വാൾ പോലെ തൂങ്ങിയാടിയ നിർമ്മാണ നിരോധനത്തിന് പരിഹാരമായി നിയമസഭ ഐകകണ്ഠേന പാസാക്കിയ ഭൂപതിവ് ഭേദഗതി ബിൽ ഏഴ് മാസങ്ങൾക്ക് ശേഷം ഗവർണർ ഒപ്പിട്ടത് ആശ്വാസമായി. 2023 സെപ്തംബർ 14ന് നിയമസഭ പാസാക്കിയ ബില്ലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇത്രനാൾ തടഞ്ഞുവച്ച ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിന് പിറ്റേന്ന് ഒപ്പിട്ടിരിക്കുന്നത്. ഗവർണർ ബില്ലിൽ ഒപ്പിടാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ജനുവരി ഒമ്പതിന് രാജ്ഭവനിലേക്ക് എൽ.ഡി.എഫ് വമ്പിച്ച പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അന്നേ ദിവസം വ്യാപാരികളുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ തൊടുപുഴയിലെത്തിയതിനെ തുടർന്ന് എൽ.ഡി.എഫ് ഹർത്താൽ ആചരിക്കുകയും എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. മുൻ മന്ത്രി എം.എം. മണി ഗവർണറെ അധിക്ഷേപിച്ച് സംസാരിച്ചതും വിവാദമായിരുന്നു. തുടർ പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ സി.പി.എം നേതൃത്വത്തിൽ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷം ഇ- മെയിൽ അയച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ഭൂനിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കിയത് പ്രചാരണ വിഷയമാക്കിയിരുന്നു. എന്നാൽ ഗവർണർ ഒപ്പിട്ട് നിയമമാകാത്തതിനാൽ വേണ്ടത്ര പ്രയോജനം ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ.
നിർമ്മാണ നിരോധനം മറികടക്കാൻ നിയമം
1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യൂ ഭൂമി പതിച്ചു നൽകുന്നതിനായി കാെണ്ടുവന്നതാണു ഭൂപതിവ് നിയമം. 1964ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമ്മാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് നിർമ്മാണ നിരോധനത്തിലേക്ക് നയിച്ചത്. 1960ലെ നിയമത്തിന്റെ കീഴിൽ പട്ടയം ലഭിച്ചവർക്ക് നിയന്ത്രണങ്ങൾ മറികടന്ന് ഭൂവിനിയോഗം സാധ്യമാക്കുന്ന തരത്തിലാണ് നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്. ഭേദഗതി നിയമം നിലവിൽ വരുന്ന അന്നു വരെ പട്ടയം ലഭിച്ച എല്ലാവരുടെയും ഭൂമിയിൽ നടത്തിയിട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ സാധൂകരിക്കുന്നതിനും ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടത്താത്തവർക്ക് അതിനുള്ള അനുമതിയും ലഭ്യമാക്കുന്ന തരത്തിലാണ് ബിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് നടപ്പിലാക്കുന്നതിനു വേണ്ടി ചട്ടങ്ങളിലും ഭേഗഗതി വരുത്തും. ജില്ലയിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ യഥാർത്ഥ്യമാകുന്നത്. നിയമം നിർമ്മാണ നിരോധനം പൂർണ്ണമായും ഒഴിവാകുമെന്നാണ് സർക്കാർ വാദം. പട്ടയഭൂമിയിലെ വാണിജ്യ കെട്ടിടങ്ങൾ മുതൽ പാർട്ടി ഓഫീസുകൾ വരെ ഭേദഗതി പ്രാബല്യത്തിൽ വരുതോടെ നിയമപരമായ നിർമിതികളാകും. ഭൂമി കാർഷിക ഇതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും.
അഴിമതിയ്ക്കെന്ന് പ്രതിപക്ഷം
അതേസമയം ചെറിയ കെട്ടിടങ്ങളടക്കം ക്രമവത്കരിക്കുന്നതിന് പിഴയീടാക്കുന്നത് ഉദ്യോഗസ്ഥ അഴിമതിക്ക് ഇടയാക്കുമെന്ന് പ്രതിപക്ഷം പറയുന്നു. പട്ടയഭൂമിയിൽ നിബന്ധനകളില്ലാതെ നിർമ്മാണം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. 1964 ലെ ഭൂപതിവ് ചട്ടം മുൻകാല പ്രാബലത്തോടെ ഭേദഗതി ചെയ്ത് പിഴയും ക്രമവത്കരണവും ഒഴിവാക്കണമെന്നാണു കർഷക സംഘടനകളുടെയും ആവശ്യം.