തൊടുപുഴ: വജ്ര ജൂബിലി നിറവിൽ നിൽക്കുന്ന തൊടുപുഴ ന്യൂമാൻ കോളേജ്
നാഷണൽ അസെസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പുനർഅക്രഡിറ്റേഷൻ പ്രക്രിയയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്‌കോറായ 3.71 നേടി എ പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കിയതായി കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടെ അടുത്ത് അഞ്ച് വർഷത്തേക്ക് യു.ജി.സി.യുടെയും കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും കൂടുതൽ ഗ്രാന്റുകളും പദ്ധതികളും കോളേജിന് ലഭിക്കും. ജില്ലയിൽ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിക്കുന്ന ആദ്യ കോളേജാണ് ന്യൂമാൻ. സ്ഥാപനത്തിന്റെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളുടെ ഗുണമേന്മ, സാമൂഹിക പ്രസക്തി, വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയിട്ടുള്ള സജ്ജീകരണങ്ങൾ, പഠനാന്തരീക്ഷം, ഗവേഷണ രംഗത്തെ മികവ്, കലാകായിക മേഖലയിലെ നേട്ടങ്ങൾ, പൂർവ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ക്രിയാത്മക സംഭാവനകൾ, എൻ.എസ്.എസ്, എൻ.സി.സി, വൂമൻസ് ഫോറം മുതലായവ അടങ്ങുന്ന വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളാണ് നാക് ടീം വിലയിരുത്തിയത്. പരിസ്ഥിതിക്ക് പ്രാധാന്യം കൊടുക്കുന്ന ക്യാമ്പസും സമൂഹത്തിന്റെ ആവശ്യങ്ങളോട് കാലാനുസൃതമായി പ്രതികരിക്കുന്ന നിലപാടുകളും വഴി ദേശീയതലത്തിൽ ലഭിച്ച സ്വച്ഛഭാരത് അവാർഡ്, കോളേജ് സമൂഹം ഒരുമിച്ച് നേതൃത്വം നൽകുന്ന ഷെയർ എ ബ്രെഡ് പദ്ധതിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം, ദേശീയ തലത്തിൽ ലഭിച്ച സ്‌ട്രൈഡ് പദ്ധതി, ഹരിത ക്യാമ്പസ് അവാർഡ്, അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മികച്ച പ്രബന്ധങ്ങൾ, സജീകൃതമായ ഇൻഡോർ സ്റ്റേഡിയം, എൻ.സി.സി.യുടെ ഒബ്സ്റ്റക്കിൾ പരിശീലന കേന്ദ്രം, ബോട്ടാണിക്കൽ ഗാർഡൻ, എൻ.എസ്.എസ്- എൻ.സി.സി ഭവന നിർമ്മാണ പദ്ധതികൾ മുതലായവയെല്ലാം നാക് ടീമിന്റെ പ്രത്യേക പരാമർശത്തിന് അർഹമായി.
1964ൽ ആരംഭിച്ച ന്യൂമാൻ ഇന്ന് 2016 വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ എറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. 15 ബിരുദ കോഴ്‌സുകളും എട്ട് ബിരുദാനന്തര ബിരുദ കോഴ്‌സുകളും മൂന്ന് ഗവേഷണ കേന്ദ്രങ്ങളുമായി ഗുണമേന്മയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കോളേജ് നേത്യത്വം വഹിക്കുന്നുണ്ട്. സ്ഥാപനത്തിന് നേത്യത്വം നൽകുന്നത് കോതമംഗലം രൂപതയാണ്. വാർത്താസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, നാക് കോ- ഓർഡിനേറ്റർ ഡോ. ജെന്നി കെ. അലക്‌സ്, കോമേഴ്‌സ് വിഭാഗം മേധാവിയും കോളേജ് പി.ആർ.ഒയുമായ ക്യാപ്ടൻ പ്രജീഷ് സി. മാത്യു, ബർസാർ ഫാ. ബെൻസൺ ആന്റണി എന്നിവർ പങ്കെടുത്തു.