തൊടുപുഴ: ഇടുക്കിയിൽ പോളിംഗ് ശതമാനത്തിലുണ്ടായ കുത്തനെയുള്ള ഇടിവ് ആർക്ക് ഗുണകരമാകുമെന്നാണ് മുന്നണികൾ തല പുകയ്ക്കുന്നത്. അന്തിമ കണക്ക് വരുമ്പോൾ 66.55 ശതമാനമാണ് ജില്ലയിൽ ഇത്തവണത്തെ പോളിംഗ് ശതമാനം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനത്തോളം ഇടിവാണ് ഇക്കുറി ഉണ്ടായത്. 76.26 ശതമാനമായിരുന്നു 2019ലെ പോളിംഗ്. 1989ലെ 76.71 ആണ് ഇടുക്കിയിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം. കസ്തൂരിരംഗൻ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഉയർന്ന ജനവികാരം രാഷ്ട്രീയ നിലപാടുകൾ തിരുത്തിക്കുറിച്ച 2014ൽ 70.7 ശതമാനമായിരുന്നു പോളിംഗ്. രാഹുൽ തരംഗം ആഞ്ഞടിച്ച 2019 ലെ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 76.26ലെത്തി. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന യുവതീ യുവാക്കളുടെ എണ്ണം കൂടിയതും കനത്ത ചൂടും പോളിംഗ് ശതമാനം കുറയാൻ കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
എന്നാൽ പോൾ ചെയ്യാത്ത വോട്ടുകൾ തങ്ങളുടേതല്ലെന്നാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ അവകാശപ്പെടുന്നത്. പോളിംഗ് കുറഞ്ഞതിന് എതിർപാർട്ടികളുടെ പ്രവർത്തനമാണ് കാരണമായി ഇവർ ചൂണ്ടക്കാട്ടുന്നത്. തങ്ങളുടെ വോട്ടുകൾ കൃത്യമായി ചെയ്തിട്ടുണ്ടെന്നും അതിനാൽ വിജയം സുനിശ്ചിതമാണെന്നും മൂന്ന് പേരും ഒരു പോലെ വാദിക്കുന്നു. ഏതായാലും കുറഞ്ഞ പോളിംഗ് ശതമാനം ആരെ തുണയ്ക്കുമെന്ന് അറിയാൻ ജൂൺ നാല് വരെ കാത്തിരിക്കണം.
കൂടുതൽ കോതമംഗലത്ത്, കുറവ് ഇടുക്കിയിൽ
ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ കോതമംഗലത്താണ് ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. ഏറ്റവും കുറവ് ഇടുക്കിയിലും. കോതമംഗംലം നിയോജക മണ്ഡലത്തിൽ 171388 പേരിൽ 120043 പേർ വോട്ട് ചെയ്തു. 70.04 ആണ് ഇവിടെ പോളിംഗ് ശതമാനം. ഏറ്റവും കുറച്ച് പേർ വോട്ട് ചെയ്തത് ഇടുക്കി നിയമസഭാ മണ്ഡലത്തിലാണ്. 186522 പേരിൽ 118366 പേർ വോട്ട് ചെയ്തു. 63.46 ശതമാനമാണ് ഇവിടെ പോളിംഗ്. 425598 പുരുഷൻമാരും 406332 സ്ത്രീകളും ആറ് ട്രാൻൻസ്‌ജെൻഡേഴ്‌സും ജില്ലയിൽ വോട്ട് രേഖപ്പെടുത്തി.
പോളിംഗ് ശതമാനം- 66.55%
തൊടുപുഴ- 65.56
മൂവാറ്റുപുഴ- 68.46
കോതമംഗലം- 70.04
പീരുമേട്- 65.54
ഇടുക്കി- 63.46
ദേവികുളം- 64.45
പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ല:
'യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിൽ മികച്ച പോളിംഗ് നടന്നു. ഭരണത്തിലും എൽ.ഡി.എഫിലും മനംമടുത്ത എൽ.ഡി.എഫ് പ്രവർത്തകർ വോട്ട് ചെയ്യാൻ മടിച്ചു. യുവ വോട്ടർമാർ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറിയതും പോളിംഗിനെ ബാധിച്ചു."
-ഡീൻ കുര്യാക്കോസ്
പോളിംഗ് കുറവ് ബാധിക്കില്ല
'പോളിംഗ് ശതമാനത്തിലെ കുറവ് എൽ.ഡി.എഫ് വിജയത്തെ ബാധിക്കില്ല. എൽ.ഡി.എഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ട്. കോൺഗ്രസ് വോട്ടുകളാണ് കുറഞ്ഞത്. അത് കോൺഗ്രസ് നിലപാടിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് കാണിക്കുന്നത്."
-ജോയ്‌സ് ജോർജ്
എൻ.ഡി.എ വോട്ടുകൾ കൃത്യമായി കിട്ടി
എൻ.ഡി.എയുടെ വോട്ടുകൾ കൃത്യമായി കിട്ടിയിട്ടുണ്ട്. എന്നാൽ പോളിംഗ് കുറഞ്ഞ് ജനാധിപത്യ പക്രിയയിൽ അപകടമാണ്. ജനങ്ങൾ എന്തുകൊണ്ട് വോട്ടിനോട് വിമുഖത കാട്ടുന്നുവെന്നതിന് ഉത്തരം പറയേണ്ടത് എൽ.ഡി.എഫും യു.ഡി.എഫുമാണ്."
-സംഗീത വിശ്വനാഥൻ