മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലകളിൽ വീണ്ടും കടുവകൾ ഇറങ്ങിയതിന്റെ ആശങ്കയിലാണ് ഇവിടത്തുകാർ. മൂന്നാർ കന്നിമല ലോവർ ഡിവിഷനിലാണ് കടുവകളെ കണ്ടത്. മൂന്നാർ കന്നിമല ലോവർ ഡിവിഷനിലെ ജനവാസ മേഖലയിൽ വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് കടുവകളെ കണ്ടത്. തേയില എസ്റ്റേറ്റിന് സമീപത്ത് കൂടെ മൂന്ന് കടുവകൾ നടന്ന് നീങ്ങുന്നത് കണ്ട തൊഴിലാളികൾ ദൃശ്യങ്ങൾ പകർത്തി. പ്രദേശത്ത് കടുവകൾ സ്ഥിരമായി എത്തുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം കന്നിമലയിലെ കർഷകന്റെ പശുവിനെ കടുവ പിടിച്ചിരുന്നു. കാണാതായ പശുവിനെ തിരക്കിയിറങ്ങിയവരാണ് കൂട്ടത്തോടെ നടന്ന് നീങ്ങുന്ന കടുവകളെ കണ്ടത്. ജനങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ കടുവകൾ സമീപത്തെ വനത്തിലേക്ക് കയറിപ്പോയി. ഇതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിയിലായിരിക്കുകയാണ്. സംഭവമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തിയിരുന്നു.

തൊടുപുഴ കരിങ്കുന്നം ഇല്ലിചാരി മേഖലയിൽ ഭീതി പരത്തി വിലസുന്ന പുലി ഇപ്പോഴും കാണാമറയത്താണ്. പുലിയെ കുടുക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഒരാഴ്ചയായിട്ടും പുലി കൂട്ടിലകപ്പെട്ടിട്ടില്ല. ഇതിനിടെ ഇവിടെ നിന്ന് അകലെയായി പാറക്കടവിൽ കുറുക്കനെ പുലി കൊന്നു തിന്നു. ഇവിടെ പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി. വടക്കുംമുറി അഴകുംപാറ ഭാഗത്ത് നായയെ ചത്ത നിലയിൽ കണ്ടതും പുലിയുടെ ആക്രമണമാകാമെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ പുലിയെ കൂടിനടുത്തേയ്ക്ക് ആകർഷിക്കാൻ ഇതിനു സമീപത്തു തന്നെ ഇന്നലെ മറ്റൊരു കൂടും സജ്ജമാക്കി. ഇതിൽ ആടിനെ കെട്ടിയിട്ട് പുലിയെ ആകർഷിക്കാനാണ് പുതിയ കൂട് സജ്ജമാക്കിയത്. പുലിയെ വീഴ്ത്താനായി തയ്യാറാക്കിയിരിക്കുന്ന കൂട്ടിൽ ചത്ത കോഴിയെ ആണ് ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇട്ട ചത്ത കോഴിയെ മാറ്റി വേറെ കോഴിയെ ഇട്ടു. പുലി ഉടൻ തന്നെ കൂട്ടിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുട്ടം റേഞ്ച് ഓഫീസർ പറഞ്ഞു. രണ്ടു മാസത്തിലേറെയായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖല പുലിയുടെ ഭീതിയിലാണ്. ഇവിടെ ഒട്ടേറെ വളർത്തു മൃഗങ്ങളെയാണ് പുലി ആക്രമിച്ചു കൊന്നത്. അജ്ഞാത ജീവി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയാണെന്നായിരുന്നു ആദ്യ ഘട്ടത്തിലെ നിഗമനം. കൂടാതെ പ്രദേശവാസികളായ പലരും പുലിയോട് സമാനമായ ജീവിയെ കാണുകയും ചെയ്തു. കഴിഞ്ഞ 16ന് വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്. തുടർന്നാണ് പെരിയാർ ടൈഗർ റിസർവിൽ നിന്നെത്തിച്ച കൂട് ഇവിടെ സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ട ഇല്ലിചാരി മലയുടെ മുകളിലായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. കൂട് സ്ഥാപിച്ച് ഒരാഴ്ച തികഞ്ഞിട്ടും പുലി ഇതിന് സമീപത്തേയ്ക്ക് എത്തിയിട്ടില്ലെന്നാണ് സൂചന. ഇത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.