accident
ടോറസ് ലോറിക്കടിയിൽപ്പെട്ട സ്കൂട്ടർ

തൊടുപുഴ: ന്യൂമാൻ കോളേജ് ജംഗ്ഷനിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാരിയായ കുടുംബം അദ്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞിരമറ്റം ജംഗ്ഷനിൽ നിന്നാണ് ടോറസും സ്‌കൂട്ടറും വന്നത്. ന്യൂമാൻ കോളേജ് ജംഗ്ഷനിലെ തരിക്ക് മൂലം ഇവിടെ വാഹനങ്ങൾ കടന്ന് പോകാനായി ടോറസ് നിറുത്തി. ഈ സമയം ഇടത് വശത്ത് കൂടി ടോറസിന് മുന്നിലേക്ക് കടന്ന് കാരിക്കോട് റോഡിലേക്ക് പോകാനായി സകൂട്ടർ യാത്രികർ ശ്രമിച്ചു. എന്നാൽ ഇത്തരത്തിൽ സ്‌കൂട്ടർ മുന്നോട്ടെടുത്തത് ടോറസ് ലോറിയുടെ ഡ്രൈവർ കണ്ടില്ല. മുന്നോട്ടെടുത്ത ലോറിയുടെ വലത് ഭാഗത്ത് സ്‌കൂട്ടർ തട്ടി മറിഞ്ഞു. യാത്രക്കാരായ ഭർത്താവും ഭാര്യയും കുട്ടിയും റോഡിലേക്ക് വീഴുകയും ചെയ്തു. വേഗത കുറവായിരുന്നതുകൊണ്ട് ടോറസ് ലോറി പെട്ടന്ന് നിറുത്താനായാതിനാൽ വലിയ അപകടമൊഴിവായി. സ്‌കൂട്ടർ യാത്രികർക്ക് നിസാര പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടർ ലോറിക്കടിയിൽ കുടുങ്ങിക്കിടന്നു. പൊലീസെത്തിയ ശേഷം സമീപത്തുണ്ടായിരുന്നവരുടെ കൂടി സഹാത്തോടെയാണ് സ്‌കൂട്ടർ നീക്കിയത്. തലനാരിഴയ്ക്കാണ് വലിയൊരു അപകടമൊഴിവായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സ്ഥിരം അപകട മേഖലയായ ന്യൂമാൻ കോളേജ് ജംങ്ഷനിൽ ഡിവൈഡറുകളോ സ്പീഡ് ബ്രേക്കറോ ഉൾപ്പെടെയുള്ള മുൻ കരുതൽ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.