കുമളി: തേക്കടി പെരിയാർ ഹൗസിന് സമീപം വൻമരം കടപുഴകി 11 കെ.വി ലൈനിൽ വീണ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ്
ഉണങ്ങി നിന്ന മരം ഒടിഞ്ഞ് ലൈനിലേക്ക് പതിച്ചത്. തുടർന്ന് കെ.ടി.ഡി.സി സ്ഥാപനങ്ങളായ ആരണ്യ നിവാസ്, പെരിയാർ ഹൗസ്, തേക്കടിയിലെ വനം വകുപ്പ് ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി നിലച്ചു. രാത്രി തന്നെ പീരുമേട്ടിൽ നിന്ന് ഫയർഫോഴ്‌സ് സംഘമെത്തി മരം മുറിച്ച് മാറ്റിയ ശേഷം പുലർച്ചെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. വൈദ്യുതി തകരാറിലായതോടെ വാട്ടർ അതോറിട്ടിയുടെ തേക്കടി പമ്പ് ഹൗസിന്റെയും പ്രവർത്തനം നിലച്ചു. തുടർന്ന് തേക്കടിയിലും കുമളി ടൗണിലും പരിസര പ്രദേശങ്ങളിലും ജലവിതരണം തടസപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് സംഭവമെന്നതിനാൽ ഉദ്യോഗസ്ഥരും വെട്ടിലായി. തേക്കടിയിലേക്കുള്ള 11 കെ.വി, എൽ.ടി ലൈനുകൾക്ക് കേബിൾ വഴിയാണ് വൈദ്യുതി എത്തിക്കുന്നത്. തേക്കടിയിൽ നിന്നുമുള്ള പമ്പ് ഹൗസിലേയും വൈദ്യുതി മുടങ്ങിയതോടെ കെ.എസ്.ഇ.ബി അധികൃതർ പീരുമേട് ഫയർ ഫോഴ്‌സിന്റെ സഹായം തേടി. ജെ.സി.ബിയുടെ ബക്കറ്റിൽ ഇരുന്നാണ് ഉയരത്തിലുള്ള മരം മുറിച്ച് മാറ്റി അറ്റകുറ്റപ്പണികൾ നടത്തിയത്.