മൂലമറ്റം: തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. ആസാം സ്വദേശി വിക്രമുലിനാണ് (44) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറിന് കാഞ്ഞാർ പുള്ളിക്കാനം റോഡിൽ ഇല്ലിക്കവലയിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട തടിലോറി ഓടയിൽ ചാടിച്ച് നിറുത്താൻ ശ്രമിക്കുന്നതിനിടെ ചരിയുകയായിരുന്നു. ഏറെ നേരം ശ്രമിച്ചിട്ടും തടിലോറിയ്ക്കും തിട്ടയ്ക്കും ഇടയിൽ കുടുങ്ങിയ ആളെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. മൂലമറ്റത്ത് നിന്നെത്തിയ ഫയർഫോഴ്സും കാഞ്ഞാർ പൊലീസും ചേർന്ന് ക്രെയിനിന്റെ സഹായത്തോടെ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് കുടുങ്ങി കിടന്നയാളെ രക്ഷിച്ചത്. ഇയാളെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തൊടുപുഴയിൽ നിന്ന് ഒരു യൂണിറ്റ് ഫയർ ഫോഴ്സിനെ കൂടി വിളിച്ചിരുന്നെങ്കിലും അവർ എത്തുന്നതിന്ന് മുമ്പ് കുടുങ്ങിക്കിടന്നയാളെ രക്ഷപെടുത്തിയിരുന്നു. രണ്ട് മണിക്കൂറോളം കാഞ്ഞാർ- വാഗമൺ റോഡിൽ ഗതാഗതം തടസപ്പെട്ടു. വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി കിടന്നു. കാഞ്ഞാർ സർക്കിൾ ഇൻസ്പക്ടർ വി.ആർ. സുനിലും സംഘവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. യാത്രക്കാരുടെ തിരക്കും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കി.