തൊടുപുഴ: പുലിയെ പേടിച്ച് പകൽ പോലും പുറത്തിറങ്ങാനാകാതെ ഭയത്തിലാണ് കരിങ്കുന്നം ഇല്ലിചാരി നിവാസികൾ. പകലും വീടുകൾ പൂട്ടി അകത്തിരിക്കുകയാണവർ. അവധിക്കാലമായിട്ടും കുട്ടികളെ കളിക്കാൻ വിടുന്നില്ല. ജോലികൾക്ക് പോകുന്നവർ ഏറെയും രാത്രിയ്ക്കുമുമ്പേ വീട്ടിലെത്തും. വളർത്തുമൃഗങ്ങളെ അഴിച്ചുവിടുന്നില്ല. ആട്, പശു തുടങ്ങിയവയ്ക്കായി പുല്ല് ചെത്തിക്കൊണ്ടുവന്ന് കൊടുക്കുകയാണ്. പകലും രാത്രിയുമായി പലയിടങ്ങളിൽ പലവട്ടം പലരും പുലിയെ കണ്ടതോടെയാണ് വീടിന് പുറത്തിറങ്ങാൻ പേടിക്കുന്നത്. പുലിയെ നേരിട്ട് കണ്ട ഇല്ലിചാരി മലേപ്പറമ്പിൽ സാബുവിന്റെ മകൾ അഞ്ജലിയുടെ കണ്ണുകളിൽ ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. രാവിലെ ഏഴ് മണിക്ക് വീടിന് തൊട്ടു പിന്നിലുള്ള ടാങ്കിൽ നിന്ന് വെള്ളമെടുക്കാൻ പോയപ്പോഴാണ് അഞ്ജലി തൊട്ടടുത്ത പാറയുടെ അടുത്ത് മഞ്ഞ നിറമുള്ള വരകളുള്ള ജീവി മാറുന്നത് കണ്ടത്. വീട്ടുകാരെ വിവരമറിയിച്ചു. അപ്പോഴേക്കും അത് ഓടി മറഞ്ഞിരുന്നു. അന്ന് രാത്രി സാബുവിന്റെ അയൽവാസിയും പുലിയെ കണ്ടു. അതിന് ശേഷമാണ് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. 16ന് ക്യാമറ പരിശോധിച്ചപ്പോൾ പുലിവർഗത്തിൽപ്പെട്ട ഒരു ജീവിയുടെ ദൃശ്യം. ഏപ്രിൽ ആറിന് പതിഞ്ഞതാണിത്. അജ്ഞാതജീവി പുള്ളിപ്പുലിയാണെന്ന് ഉറപ്പാക്കിയത് ഇതിൽ നിന്നാണ്. തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഇതിനിടയിലും പലയിടങ്ങളിൽ പുലിയെ കാണാനിടയായി. കൂട് സ്ഥാപിച്ച് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും പുലി വിഹാരം തുടരുകയാണ്. കൂട്ടിൽ ചത്ത കോഴിയെ ഇട്ടാണ് പുലിയെ കാത്തിരിക്കുന്നത്. എന്നാൽ ജീവനുള്ള മൃഗത്തെ കാണിച്ച് പുലിയെ ആകർഷിക്കുകയും ആ മൃഗത്തിന് അപകടമില്ലാതെ പുലിയ പിടികൂടുന്ന സംവിധാനം വേണമെന്ന ആവശ്യം നാട്ടുകാർക്കിടയിലുണ്ട്. നിലവിൽ സ്ഥാപിച്ചിരിക്കുന്ന കൂട്ടിൽ ജീവനുള്ള മൃഗത്തെ കെട്ടിയിട്ടാൽ ആ മൃഗം തന്നെ അകപ്പെടും.
ഇല്ലിചാരിയിലിറങ്ങിയ പുലിയെ പിടികൂടാൻ ശ്രമങ്ങൾ തുടരുകയാണെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പുലിക്കായി സ്ഥാപിച്ച കൂടിനോട് ചേർന്ന് മറ്റൊരു കൂട് സ്ഥാപിച്ച് ജീവനുള്ള ഇരയെ ഇടും. കഴിഞ്ഞ ദിവസം പാറക്കടവിന്റെ ഉൾപ്രദേശങ്ങളിൽ കുറുക്കനെ ആക്രമിച്ചതും പുലിയാണെന്ന് ലക്ഷണങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.