ചെറുതോണി: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചു കരിമ്പനിലെ 65 കുടുംബങ്ങൾ വോട്ട് ബഹിഷ്‌കരിച്ചു. ജനവാസം തുടങ്ങി അരനൂറ്റാണ്ടു കഴിഞ്ഞിട്ടും അന്നത്തെ കൂപ്പു റോഡിലൂടെ സഞ്ചരിക്കുന്ന കൊച്ചുകരിമ്പനിലുള്ള കുടുംബങ്ങളാണ് വോട്ട് ബഹിഷ്‌കരിച്ചത്. ഇവരുടെ ഏക ആശ്രയമായ ഗവ. എൽ.പി സ്‌കൂൾപടി- സി.എസ്.ഐ ചർച്ച്- മില്ലുംപടി റോഡാണ് രണ്ടു തലമുറ നടന്നുതീർത്തിട്ടും നന്നാക്കാത്തത്. കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പു വരുമ്പോൾ സ്ഥാനാർത്ഥികൾ വാഗ്ദാനവുമായെത്തും. ജയിച്ചു കഴിഞ്ഞാൽ ഇവർ തിരിഞ്ഞു നോക്കില്ല. മൂന്നു കിലോമീറ്റർ ദൂരം വരുന്ന റോഡ് നന്നാക്കി ടാർ ചെയ്തു തരണമെന്നാവശ്യപ്പെട്ട് കയറിയിറങ്ങാത്ത ഓഫീസുകളും കാണാത്ത ജനപ്രതിനിധികളുമില്ല. മരിയാപുരം- വാത്തിക്കുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് റോഡ്. ഈ വർഷം റോഡിന് വേണ്ടി 35 ദിവസമാണ് നിരാഹാരസമരം നടത്തിയത്. അന്നു നൽകിയ വാഗ്ദാനങ്ങളും പാലിച്ചില്ല. അതിനാൽ ഇത്തവണ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യേണ്ടെന്നാണ് കൊച്ചുകരിമ്പൻ ജനകീയ സമിതി എടുത്തിരിക്കുന്ന തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.