ചെറുതോണി: ടൗണിൽ കംഫർട്ട് സ്റ്റേഷനും ബസ് കാത്തിരിപ്പുകേന്ദ്രവും നിർമ്മിക്കണമെന്ന് യാത്രക്കാരും വ്യാപാരികളും ഒരുപോലെ ആവശ്യപ്പെടുന്നു. കടുത്ത വേനലാരംഭിച്ചതോടെ ചെറുതോണി ടൗണിലെത്തുന്ന യാത്രക്കാർ കയറി നിൽക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ്. പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ കടകൾക്ക് മുമ്പിലും യാത്രക്കാർക്ക് നിൽക്കാൻ സൗകര്യമില്ല. കട്ടപ്പന, തൊടുപുഴ, അടിമാലി ഭാഗത്ത് നിന്ന് വാഹനങ്ങളെത്തുന്ന മുക്കവലയാണ് ചെറുതോണി ടൗൺ. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളും ആയിരകണക്കിനു യാത്രക്കാരും കടന്നുപോകുന്ന പ്രധാനപ്പെട്ട ജംഗ്ഷനാണിത്. ചെറുതോണിയിൽ ബസിറങ്ങിയ ശേഷം തങ്കമണി, കഞ്ഞിക്കുഴി, മുരിക്കാശേരി മേഖലകളിലേക്ക് മറ്റുവാഹനങ്ങളിൽ കയറിപോവേണ്ടവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. പാലം പുതുക്കി പണിയുന്നതിനു മുമ്പ് താത്കാലിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. പുതിയ പാലം നിർമ്മിച്ചപ്പോൾ ഈ സൗകര്യങ്ങളില്ലാതായി. ദീർഘദൂര യാത്ര കഴിഞ്ഞ് ബസിറങ്ങുന്ന യാത്രക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് സൗകര്യമില്ലാത്തതിനാൽ ഏറെ കഷ്ടപ്പെടുകയാണ്. അതിനാൽ ജില്ലാ ആസ്ഥാനത്തെ പ്രധാന ടൗണായ ചെറുതോണിയിൽ അടിയന്തരമായി ബസ് കാത്തിരിപ്പുകേന്ദ്രവും കംഫർട്ട് സ്റ്റേഷനും ത്രിതലപഞ്ചായത്തുകളോ, സർക്കാരോ ഇടപെട്ട് നിർമ്മിക്കണമെന്ന് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നു.