ഇടുക്കി: 1977ൽ ഇടുക്കി ലോകസഭാ മണ്ഡലം രൂപീകൃതമായതിന് ശേഷമുള്ള രണ്ടാമത്തെ കുറഞ്ഞ പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്. പോളിംഗ് ശതമാനം ഉയരുമ്പോൾ യു.ഡി.എഫ് വൻ വിജയം നേടുന്നതും ഇടിയുമ്പോൾ ഇടുക്കി എൽ.ഡി.എഫിനെ തുണക്കുതോ യു.ഡി.എഫ് ഭൂരിപക്ഷം നാമമാത്രമാകുതോ ആണ് ചരിത്രം. ഇതിന് മുമ്പ് ഒരിക്കലേ പോളിംഗ് ശതമാനം ഇതിലും താഴ്ന്നിട്ടുള്ളൂ. 1980ൽ 54.1 ശതമാനമായിരുന്നു പോളിംഗ്. അന്ന് സി.പി.എമ്മിലെ എം.എം. ലോറൻസ് 7023 വോട്ടുകൾക്ക് വിജയിച്ചു. പിന്നീട് കുറഞ്ഞ പോളിംഗ് നടന്നത് 1998ൽ- 68.2 ശതമാനം. അന്ന് കോൺഗ്രസ് നേതാവ് പി.സി. ചാക്കോ വിജയിച്ചത് കേവലം 6350 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന്. 1999ൽ 69.4 ശതമാനം പോളിംഗ് നടന്നപ്പോൾ എൽ.ഡി.എഫിലായിരുന്ന ഫ്രാൻസിസ് ജോർജ് 9298 വോട്ടുകൾക്ക് ജയിച്ചു കയറി. 2004ൽ ഫ്രാൻസിസ് ജോർജ് 69384 വോട്ടുകൾക്ക് വിജയം ആവർത്തിച്ചപ്പോൾ പോളിംഗ് 70.54 ശതമാനം. ഇടതുമുന്നണി വീണ്ടും വിജയിച്ച 2014ൽ 70.76 ശതമാനമായിരുന്നു പോളിംഗ്. ഇപ്പോൾ ജനവിധി തേടുന്ന ജോയ്‌സ് ജോർജ് അന്ന് കന്നിയങ്കത്തിൽ നേടിയത് 50542 വോട്ടിന്റെ ഭൂരിപക്ഷം.
അതേ സമയം പോളിംഗ് കുതിച്ചു കയറിയപ്പോൾ യു.ഡി.എഫ് ഭൂരിപക്ഷവും കനത്തതായി. 1977ലെ ആദ്യ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 73.7. അന്ന് കോൺഗ്രസ് ദേശീയ നേതാവ് സി.എം. സ്റ്റീഫൻ പാർലമെന്റിലെത്തിയത് 79537 വോട്ടുകൾക്ക്. 1984ലെ ഇന്ദിരാ സഹതാപ തരംഗത്തിൽ പോളിംഗ് 75.4 ആയി. കോൺഗ്രസ് നേതാവ് പി.ജെ. കുര്യന്റെ ഭൂരിപക്ഷം 130624 വോട്ട്. 1989ൽ 77 ശതമാനം പോളിംഗ് നടപ്പോൾ കോൺഗ്രസിന്റെ പാലാ കെ.എം. മാത്യുവിന് ഇടുക്കിക്കാർ നൽകിയത് 91479 വോട്ടിന്റെ മേൽക്കൈ. 1991ൽ പോളിംഗ് ശതമാനം 71.5 ആയി കുറഞ്ഞു. ഒപ്പം പാലാ കെ.എം. മാത്യുവിന്റെ ഭൂരിപക്ഷം 25506 ആയും താഴ്ന്നു. 1996ൽ പോളിംഗ് 70.4 മാത്രം. കോൺഗ്രസിലെ എ.സി. ജോസിന് കിട്ടിയത് 30410 വോട്ടിന്റെ ലീഡും. 1999ലും 2004ലും എൽ.ഡി.എഫ് വിജയത്തിന് ശേഷം 2009ലെ തിരഞ്ഞെടുപ്പിൽ പോളിംഗ് 73.89 ശതമാനമായിരുന്നു. അന്ന് പി.ടി. തോമസിനെ പുതിയ രൂപത്തിലുള്ള ഇടുക്കി മണ്ഡലം അനുഗ്രഹിച്ചത് 74796 വോട്ടിന്റെ മുൻതൂക്കം നൽകി. 2019ൽ ഡീൻ കുര്യാക്കോസ് 171053 വോട്ടിന്റെ ഉജ്ജ്വല വിജയം നേടാൻ 76.36 ശതമാനത്തിന്റെ മികച്ച പോളിംഗ് തുണച്ചുവെന്ന് വ്യക്തം.

പോളിംഗ് ശതമാനം കുറഞ്ഞതിന് വിലയിരുത്തപ്പെടുന്ന കാരണങ്ങൾ പലതാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശനാടുകളിലേക്കുണ്ടായ യുവാക്കളുടെ ഒഴുക്ക്. ഇവരിൽ ഭൂരിഭാഗവും വോട്ടർ പട്ടികയിൽ പേരുള്ളവരാണ്. കനത്ത ചൂടും പൊതുവെയുണ്ടായ നിസംഗതയും വോട്ടർമാരെ ബാധിച്ചു. പോളിംഗ് വൈകിപ്പിച്ച് വോട്ടർമാരെ ബൂത്തുകളിൽ നിന്ന് മടങ്ങിപ്പോകാൻ ചില ഉദ്യോഗസ്ഥർ നിർബന്ധിതരാക്കി എന്ന രാഷ്ട്രീയ ആരോപണം യു.ഡി.എഫ് ഉന്നയിക്കുന്നുണ്ട്. എങ്കിലും ഭൂരിപക്ഷം കുറഞ്ഞാലും ഡീൻ കുര്യാക്കോസിന്റെ വിജയം ഉറപ്പാണെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ഇത്തവണ പത്ത് ശതമാനത്തോളം കുറവ്

അവസാന കണക്കിൽ 66.55 ശതമാനമാണ് ഇടുക്കി ലോകസഭാ മണ്ഡലത്തിലെ പോളിംഗ്. 1251189 വോട്ടർമാരുള്ള മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത് 831936 പേർ മാത്രം. 2019ൽ 76.26 ശതമാനമായിരുന്നു പോളിംഗ്.