തെക്കുംഭാഗം: ഇടവെട്ടി പഞ്ചായത്തിലെ കല്ലാനിക്കൽ, തെക്കുംഭാഗം, മലങ്കര, ചൊക്കംപാറ, കണിയാംമുഴി പാലം, തടിപ്പാലം തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് തൊടുപുഴ ടൗണിലെത്താൻ തൊടുപുഴയാറിന് കുറുകെ ഉണ്ടായിരുന്ന ഏക സഞ്ചാരമാർഗമായിരുന്ന കമ്പിപാലം പ്രളയത്തിൽ തകർന്നിട്ട് ആറു വർഷമായി. കമ്പിപാലം മാറ്റി പുതിയ കോൺക്രീറ്റ് പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് എം.എൽ.എ ഉൾപ്പെടെയുള്ള എല്ലാ തലത്തിലുമുള്ള ജനപ്രതിനിധികളും പുല്ലുവിലയാണ് കൽപ്പിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് ജനങ്ങൾ തൊടുപുഴ നഗരത്തിൽ എത്തുന്നതിന് സഞ്ചാരമാർഗമായി ഉപയോഗിച്ചിരുന്ന ഈ പാലം പുനർനിർമ്മിക്കാത്തതു മൂലം ജനങ്ങൾക്ക് വള്ളത്തിലൂടെ ഇക്കരെ എത്തേണ്ട ഗതികേടിലാണ്. ഒട്ടും സുരക്ഷിതമല്ലാത്ത ഈ മാർഗ്ഗം ഏറെ അപകട സാദ്ധ്യതയുള്ളതാണ്. ഈ മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ ഇടപെടേണ്ട എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരളാകോൺഗ്രസ് (എം)​ തെക്കുംഭാഗം മേഖലാ കമ്മിറ്റി പറഞ്ഞു. പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമരപരിപാടികൾ ആരംഭിക്കാനും കമ്മിറ്റി തീരുമാനിച്ചു. തെക്കുംഭാഗം മേഖല പ്രസിഡന്റ് സിബി കോടമുള്ളിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, പ്രൊഫ. കെ.ഐ. ആന്റണി, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, സണ്ണി കടുത്തലകുന്നേൽ, റോയ്സൺ കുഴിഞ്ഞാലിൽ, അബ്രഹാം അടപ്പൂർ, ഷിജു പൊന്നാമറ്റം, ബെന്നി പാണ്ഡിയാമാക്കൽ, സിജു കുന്നുംപുറം തുടങ്ങിയവർ പ്രസംഗിച്ചു.