ചെറുതോണി: ഇടുക്കിയ്ക്ക് മേൽ ഇടിത്തീയായി കോൺഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന ഒരു നിയമം കൂടി ഭേദഗതി ചെയ്ത് ഇടതുപക്ഷ സർക്കാർ ഭൂസ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി എൽ.ഡി.എഫ് ജില്ലാകമ്മറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. ജില്ലയിലെ ജനങ്ങൾക്കായി സർക്കാർ നൽകിയ ഒരു വാഗ്ദാനം കൂടി അക്ഷരാർത്ഥത്തിൽ പാലിക്കപ്പെട്ടിരിക്കുന്നു. ഇടുക്കിക്കാർക്ക് ലഭിക്കേണ്ട നീതി രാഷ്ട്രീയ താത്പര്യം മുൻനിറുത്തി ഗവർണർ വൈകിപ്പിച്ചെങ്കിലും ഭൂ നിയമ ഭേദഗതി ബില്ലിൽ ഒപ്പിട്ടത് സ്വാഗതാർഹം. ബില്ലിൽ ഒപ്പിടുന്നത് അനാവശ്യമായി വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് ബില്ലിൽ ഒപ്പിട്ടിട്ടുള്ളത്. എൽ.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ നിരന്തരമായ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. ബില്ലിൽ ഒപ്പിടാത്ത ഗവർണറെ പിന്തുണച്ചവർക്കും ആവശ്യമെങ്കിൽ ജില്ലയിലെത്തുമ്പോൾ ഗവർണർക്ക് സംരക്ഷണം നൽകുമെന്ന് പറഞ്ഞ ഡീൻ കുര്യാക്കോസിനും മുഖത്തേറ്റ അടികൂടിയാണിത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ 1960ൽ കോൺഗ്രസ് കൊണ്ടുവന്ന ഭൂ നിയമം ഭേദഗതി ചെയ്യുമെന്ന് പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രമുഖ നിയമവിദഗ്ദ്ധരുമായി സർക്കാർ നടത്തിയ ചർച്ചകൾക്കൊടുവിൽ ഭൂ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് 2023 സെപ്തംബർ 14ന് നിയമസഭയിൽ അവതരിപ്പിച്ച് ഐക്യകണ്ഠേന പാസ്സാക്കിയിരുന്നു. ഈ ഘട്ടങ്ങളിൽ 32 തവണയാണ് ജില്ലാ എൽ.ഡി.എഫ് നേതൃത്വം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയുമായും റവന്യൂ മന്ത്രിയുമായും ചർച്ചകൾ നടത്തിയത്. ബില്ല് പാസായെങ്കിലും ഒപ്പിടാൻ തയ്യാറാകാതിരുന്ന ഗവർണർക്കെതിരെ രാജ്ഭവൻ മാർച്ചും പ്രതിഷേധ ധർണയും നടത്താനും എൽ.ഡി.എഫ് തയ്യാറായി. ജില്ലയിലെത്തിയ ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. അതേസമയം യു.ഡി.എഫ് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ് സ്വീകരിച്ചത്. നിയമസഭയിൽ ബില്ലിനെ അനുകൂലിക്കുകയും ജില്ലയിൽ വന്ന് ബില്ലിനെ എതിർക്കുകയും ബില്ല് കത്തിക്കുകയും ചെയ്തു. ഗവർണർ ഒപ്പിട്ടതോടെ ഇടുക്കിയിൽ ജനങ്ങളുടെ സ്വതന്ത്ര ജീവിതം ഉറപ്പാവുകയാണ്. പട്ടയം ലഭിച്ച ഭൂമിയിൽ കൃഷിയോടൊപ്പം വാണിജ്യ സ്ഥാപനങ്ങളും നിർമ്മിക്കാനുള്ള അനുമതി ലഭിക്കുന്നത് ജില്ലയുടെ വികസനത്തെയും ബഹുദൂരം മുന്നോട്ട് നയിക്കും. ഹോംസ്റ്റേകൾ, ഹോട്ടലുകൾ ഒക്കെ നിർമ്മിക്കപ്പെടുന്നതിലൂടെ ടൂറിസം വികസനവും യാഥാർത്ഥ്യമാകും. ഉടൻ തന്നെ ചട്ടങ്ങൾ രൂപീകരിക്കുകയും പെർമിറ്റുകൾ നൽകി തുടങ്ങുകയും ചെയ്യുന്നതിലൂടെ നാട് കൂടുതൽ സുഗമവും സുതാര്യവുമായ ജീവിത സാഹചര്യത്തിലേക്ക് കടക്കും. നിലവിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങൾ ക്രമവത്കരിക്കപ്പെടും. ആരാധാനാലയങ്ങൾ, ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥാപനങ്ങളുൾപ്പടെ ക്രമവത്കരിക്കപ്പെടുന്നതോടെ ഒരു ആശങ്കകൾക്കും അടിസ്ഥാനമില്ലാതെ ജനങ്ങൾക്കാകെ പ്രതീക്ഷ നൽകുന്ന നാളുകളാണ് വരാൻ പോകുന്നത്. ബില്ല് നിയമമായി മാറിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിലെല്ലായിടത്തും വിജയാഘോഷ പ്രകടനങ്ങൾ നടത്തും. ഇടുക്കി ജനതയുടെ സ്വപ്നങ്ങൾക്ക് സാക്ഷാത്ക്കാരം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി കെ. രാജനെയും മന്ത്രി റോഷി അഗസ്റ്റിനെയും വീണ്ടും അഭിനന്ദിക്കുന്നതായും എൽ.ഡി.എഫ് കൺവീനർ കെ.കെ. ശിവരാമൻ, സി.വി. വർഗീസ്, കെ. സലിം കുമാർ, ജോസ് പാലത്തിനാൽ, അഡ്വ. കെ.ടി. മൈക്കിൾ, കോയ അമ്പാട്ട്, കെ.എൻ. റോയി, രതീഷ് അത്തിക്കുഴി, സിബി മൂലേപ്പറമ്പിൽ, ജോണി ചെരിവുപറമ്പിൽ, കെ.എം. ജബ്ബാർ, സി.എം. അസീസ് എന്നിവർ അറിയിച്ചു.