രാജാക്കാട്: കക്കൂസ് മാലിന്യം തോട്ടിലൂടെ ഒഴുക്കി മുതിരപ്പുഴയാറ്റിലെത്തിക്കുന്നതായി പരാതി. നിരവധിയാളുകൾ കുടിക്കാനും കുളിക്കാനുമൊക്കെ ഉപയോഗിക്കുന്ന തോട്ടിലൂടെയാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. ഈട്ടിസിറ്റിയിൽ നിന്ന് ആരംഭിച്ച് ആഡിറ്റിന് സമീപത്തെ വള്ളക്കടവിലൂടെ മുതിരപ്പുഴയാറിൽ പതിക്കുന്ന തോട്ടിലൂടെയാണ് ശനിയാഴ്ച ശുചിമുറിമാലിന്യം ഒഴുക്കിവിട്ടത്. ഏതാനും ആഴ്ചകളായി ഈ തോട് വെള്ളമില്ലാതെ വറ്റിവരണ്ടു കിടക്കുകയായിരുന്നു. ശനിയാഴ്ച ഈ തോട്ടിലൂടെ പെട്ടെന്ന് വെള്ളം ഒഴുകിത്തുടങ്ങി. ഇത് കണ്ട കർഷകർ കൃഷി ആവശ്യത്തിനായി ഹോസിലൂടെ തോട്ടിൽ നിന്നും വെള്ളം കൊണ്ടുപോയി. ഈ വെള്ളമുപയോഗിച്ച ഏലച്ചെടികൾക്ക് ചുറ്റിലും ഈച്ചകൾ വന്നു കൂടുന്നതും ദൂർഗന്ധം വമിക്കുന്നതും ശ്രദ്ധയിൽപ്പെട്ട കർഷരാണ് തോട്ടിലെത്തി നോക്കിയത്. ഒഴുകി വരുന്ന ജലത്തിന്റെ കൂടെ ധാരാളം കക്കൂസ് മാലിന്യങ്ങൾ ദുർഗന്ധം പരത്തി ഒഴുകിയെത്തുന്ന കാഴ്ചയാണ് കർഷകർ കണ്ടത്. തോടിന്റെ ഇരുകരകളിലും താമസിക്കുന്നയാളുകൾ നിത്യോപയോഗത്തിന് ഈ തോട്ടിൽ നിന്നുമാണ് ജലമെടുക്കുന്നത്. ഈ തോട് മുതിരപ്പുഴയാറിൽ ചെന്ന് ചേരുന്ന ഭാഗത്തിന് 200 മീറ്റർ മാത്രം അകലെ നിന്നുമാണ് കുഞ്ചിത്തണ്ണി കുടിവെള്ള പദ്ധതിയിലേക്ക് ജലവിഭവ വകുപ്പ് വെള്ളം ശേഖരിക്കുന്നത്. ഈ ജലം തന്നെയാണ് കുഞ്ചിത്തണ്ണിയിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും പൈപ്പിലൂടെ എത്തുന്നത്.
ഒഴുക്കിയത് റിസോർട്ടുകളിൽ നിന്നുള്ള മാലിന്യം
ഈട്ടി സിറ്റിയിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യമാണ് തോട്ടിലേക്കൊഴുക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. നിരവധി ഹോം സ്റ്റേകളും റിസോർട്ടുകളും പ്രവർത്തിക്കുന്ന മേഖലയാണ് ഈട്ടിസിറ്റി. എന്നാൽ ഇവിടെയൊന്നും മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കിയിട്ടില്ല. നൂറിലേറെ മുറികളുള്ള ഒരു റിസോർട്ടിൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സംവിധാനമില്ലെന്ന് കാണിച്ച് ആരോഗ്യവകുപ്പ് അധികൃതർ വെള്ളത്തൂവൽ പഞ്ചായത്തിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിന്റെ ഭാഗമായി ഈ റിപ്പോർട്ട് പൂഴ്ത്തിവെയ്ക്കുകയും റിസോർട്ടിന് തുടർന്നും പ്രവർത്തിക്കുന്നതിന് ലൈസൻസ് പുതുക്കി കൊടുക്കുകയുമാണ് ചെയ്തത്. കക്കൂസ് മാലിന്യം തോട്ടിലൊഴുക്കിയ സാമൂഹൃദ്രോഹികൾക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം റിസോർട്ടുകളുടെ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.