കട്ടപ്പന: ഹൈറേഞ്ചിൽ കൊക്കോ വില ആയിരം കടന്നു. ഉണങ്ങിയ കൊക്കോ പരിപ്പിന് 1010 വരെയാണ് വില ഉയർന്നത്. പക്ഷേ,​ മികച്ച വില ലഭിക്കുമ്പോൾ കർഷകർക്ക് വിപണിയിലെത്തിക്കാൻ കൊക്കോ വേണ്ട വിധം ഇല്ലാത്ത സ്ഥിതിയുമുണ്ട്. കുരുമുളകിന്റെ ഇരട്ടിയോളം വിലയാണ് ഉണക്ക കൊക്കോ പരിപ്പിന് ലഭിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി കൊക്കോയ്ക്ക് വിപണിയിൽ ലഭിക്കുന്നത് മെച്ചപ്പെട്ട വിലയാണ്. ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇപ്പോൾ കൊക്കോ വില സർവ്വകാല റെക്കോഡിട്ടു. വിപണിയിൽ കൊക്കോയുടെ ലഭ്യത കുറഞ്ഞതും കൊക്കോയ്ക്ക് ചോക്ലേറ്റ് കമ്പനികളിൽ നിന്നുള്ള ആവശ്യകത കൂടിയതുമാണ് പ്രധാനമായി ഇപ്പോഴത്തെ വില വർദ്ധനവിന് കാരണം. വിലയിൽ ഇനിയും വർദ്ധനവ് ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പക്ഷേ,​ ഉയർന്ന വില ലഭിക്കുന്ന ഘട്ടത്തിൽ കർഷകർക്ക് വിപണിയിലെത്തിക്കാൻ വേണ്ടവിധം കൊക്കോ ഇല്ലാത്ത സ്ഥിതിയുമുണ്ട്. മഴക്കാലത്താണ് കൊക്കോയുടെ ഉത്പാദനം കൂടുതലായി ഉള്ളത്. തൂക്ക കൂടുതൽ ലഭിക്കുന്നതും ഈ സമയത്താണ്. തുടർച്ചയായി ഉണ്ടായ വിലയിടിവും രോഗബാധയും ഉത്പാദനക്കുറവും കഴിഞ്ഞ നാളുകളിൽ ഹൈറേഞ്ചിൽ കൊക്കോ കൃഷിക്ക് തിരിച്ചടി സമ്മാനിച്ചിട്ടുണ്ട്. മുമ്പ് കൃത്യമായ ഇടവേളകളിൽ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം നൽകിയിരുന്ന കൃഷിയായിരുന്നു കൊക്കോയെങ്കിൽ ഉത്പാദനക്കുറവ് മൂലം കാര്യങ്ങൾ പാടെ മാറിമറിഞ്ഞു. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ പല കർഷകരും കൊക്കോ മരങ്ങൾ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞു. ഉണക്ക കൊക്കോ പരിപ്പ് സംഭരിച്ച് വച്ചിരുന്ന കർഷകരൊക്കെ ഉയർന്ന വില ലഭിച്ചതോടെ ഉത്പന്നം വിറ്റഴിച്ച് കഴിച്ചു. ഉയർന്ന വില ലഭിക്കുന്ന സാഹചര്യത്തിൽ കർഷകർ കൊക്കോ മരങ്ങളുടെ പരിപാലനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. കൊക്കോ വിലയിൽ ഇനിയും വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയും കർഷകർ മുമ്പോട്ട് വയ്ക്കുന്നു.