s

തൊടുപുഴ: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ഗോകുലം ഗോപാലനെതിരെ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തീർത്തും അടിസ്ഥാന രഹിതമാണെന്ന് കമ്പനി ഡയറക്ടർ കെ.കെ. പുഷ്പാംഗദൻ അറിയിച്ചു. കക്ഷി രാഷ്ട്രീയത്തിൽ അദ്ദേഹം ഇടപെടാറില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും അടുപ്പവും ബന്ധവും പുലർത്തുന്നയാളാണ്. കേന്ദ്രവും കേരളവും ഭരിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും കഴിഞ്ഞ 56 വർഷമായി ഗോകുലത്തിന്റെ പ്രവർത്തനത്തിന് സഹായകരമായ നിലപാടാണ് എടുത്തിട്ടുള്ളത്. സത്യസന്ധമായ നിലപാടും സുതാര്യമായ പ്രവർത്തനശൈലിയും പൊതുസമൂഹത്തിന്റെ സഹകരണവും കൊണ്ടാണ് കമ്പനി ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന പ്രസ്ഥാനമായി മാറിയത്. അതിന് കേരളത്തിലെ പൊതുസമൂഹത്തോടും രാഷ്ട്രീയ നേതാക്കളോടും മാദ്ധ്യമ സമൂഹത്തോടും ഗോകുലം ഗ്രൂപ്പിന് നന്ദിയുണ്ട്.

ശോഭാ സുരേന്ദ്രൻ ഉയർത്തിയ വിവാദങ്ങളുമായി കമ്പനിക്കോ ചെയർമാനോ ഒരുതരത്തിലും ബന്ധമില്ല. അവർ ഉന്നയിച്ച ആരോപണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ്. രാഷ്ട്രീയത്തിൽ ഇടയ്ക്കിടെ വിവാദങ്ങൾ സൃഷ്ടിക്കുന്ന ശോഭ സുരേന്ദ്രൻ ആരുടെ താത്പര്യം സംരക്ഷിക്കാനാണ് ഇപ്പോൾ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അവർ തന്നെ വ്യക്തമാക്കണം. നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് കമ്പനി തീരുമാനമെന്നും ഡയറക്ടർ കെ.കെ. പുഷ്പാംഗദൻ പറഞ്ഞു.