arikomban

രാജാക്കാട്: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതച്ചിരുന്ന അരിക്കൊമ്പനെന്ന ഒറ്റയാനെ മയക്കുവെടി വച്ച് പിടികൂടി കാട് മാറ്റിയിട്ട് ഒരു വർഷം. 2023 ഏപ്രിൽ 29നാണ് ചിന്നക്കനാലിലെ സിമന്റ് പാലത്തിന് സമീപത്ത് നിന്ന് മയക്കുവെടി വെച്ച് ആനയെ തളച്ചത്. ചിന്നക്കനാലിൽ ജനിച്ച് വളർന്ന അരിക്കൊമ്പനെന്ന മാറ്റിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നായിരുന്നു പൊതുവെ ഉയർന്ന അഭിപ്രായങ്ങൾ. എന്നാൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് നാളിതുവരെയും കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ല. 2005 മുതൽ വീടും റേഷൻ കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനംവകുപ്പിന്റെ കണക്ക്. മുപ്പതോളം പേർക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. വീടുകൾ ആക്രമിക്കുന്നത് പതിവായതാണ് ആളുകളെ പ്രകോപിതരാക്കിയത്. നിരന്തരമായ ആവശ്യത്തെ തുടർന്ന് മയക്കുവെടി വയ്ക്കാൻ സർക്കാർ 2023 ഫെബ്രുവരിയിൽ ഉത്തരവിറക്കി. മൃഗസ്‌നേഹികളുടെ ആവശ്യ പ്രകാരം ഹൈക്കോടതി ഇടപെട്ട് പഠനം നടത്തിയാണ് മെയക്കുവെടി വയ്ക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ 29ന് 12 മണിയോടെ അരിക്കൊമ്പനെ മയക്ക് വെടിവച്ചു. അഞ്ചുതവണ മയക്കുവെടിവച്ചാണ് റേഡിയോ കോളർ ഘടിപ്പിച്ചത്. ആനിമൽ ആംബുലൻസിൽ 30ന് രാത്രിയോടെ പെരിയാർ കടുവ സങ്കേതത്തിലെത്തിച്ചു. വഴിനീളെ അരിക്കൊമ്പനെ കാണാൻ ആളുകൾ തടിച്ചു കൂടിയത് അന്ന് വലിയ വാർത്തയായിരുന്നു. മാസങ്ങളോളം താപ്പാനകൾ മേഖലയിൽ തമ്പടിച്ചാണ് ഓപ്പറേഷൻ നടത്തിയത്. അരിക്കൊമ്പന്റെ രാജകീയ യാത്രയും അന്നത്തെ റോഡുമെല്ലാം വലിയ പ്രാധാന്യമാണ് നേടിയത്. ആഴ്ചകൾക്കുള്ളിൽ പെരിയാർ കടുവ സങ്കേതത്തിൽ നിന്ന് പുറത്തെത്തിയ അരിക്കൊമ്പൻ കുമളിയിലെ ജനവാസ മേഖലക്കടുത്തെത്തി. അവിടെ നിന്ന് തമിഴ്നാട്ടിലെ മേഘമലയിലും കമ്പം ടൗണിലുമെത്തി. കമ്പം ടൗണിലൂടെ വിരണ്ടോടുന്നതിനിടെ ആന തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ പിന്നീട് മരിച്ചു. ഇതോടെ തമിഴ്നാട് വനം വകുപ്പ് രണ്ടാം തവണ മയക്കുവെടി വച്ച് പിടികൂടിയാണ് കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെത്തിച്ചത്. ഇപ്പോൾ പൂർണ ആരോഗ്യവാനായി വനത്തിൽ വിലസുന്നുണ്ടെന്നാണ് തമിഴ്നാട് വനംകുപ്പ് പറയുന്നത്. അരിക്കൊമ്പൻ മാറിയതോടെ ചക്കക്കൊമ്പനും മുറിവാലനും കാട്ടാനക്കൂട്ടവുമൊക്കെ ചിന്നക്കനാലിൽ കളം പിടിച്ചു. കേരളത്തിൽ തന്നെ ശല്യക്കാരായ പല കാട്ടാനകളെയും മയക്കുവെടി വച്ച് പിടികൂടിയിട്ടുണ്ടെങ്കിലും അരിക്കൊമ്പനോളം ആരാധകർ മറ്റൊരു കാട്ടാനയ്ക്കുമില്ല. ഇപ്പോഴും അരിക്കൊമ്പനെ സ്‌നേഹിക്കുന്ന ആന തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേർ ചിന്നക്കനാലിലടക്കമുണ്ട്. മാസങ്ങളോളം കേരളം ചർച്ച ചെയ്ത വിഷയമായിരുന്നു അരിക്കൊമ്പൻ.