കരിമണ്ണൂർ: നെയ്യശ്ശേരി- തോക്കുമ്പൻ റോഡിൽ മുളപ്പുറം ഷാപ്പിന് സമീപം നിർമ്മാണത്തിലിരുന്ന കലുങ്കിന്റെ അരിക് ഇടിഞ്ഞതിനെ തുടർന്ന് സ്വകാര്യ ബസിന്റെ ടയർ കുഴിയിൽ കുടുങ്ങി. ഇന്നലെ വൈകിട്ട് 5.50നാണ് സംഭവം. വണ്ണപ്പുറത്ത് നിന്ന് തൊമ്മൻകുത്ത്, മുളപ്പുറം വഴികടന്നു പോകുന്ന മൺസൂര്യ ബസ് കടന്നു പോകുമ്പോഴാണ് കലുങ്ക് ഇടിഞ്ഞത്. ബസിന്റെ ടയർ കുഴിയിൽ കുടുങ്ങുകയും ബസിന്റ പിൻവശം ചെരിയുകയുമായിരുന്നു. എന്നാൽ ഡ്രൈവർ എം.പി അനീഷ് സമചിത്തതയോടെ പെട്ടെന്ന് ബസ് നിറുത്തുകയും അൽപ്പം പിന്നോട്ട് എടുക്കുകയും ചെയ്തതിനാൽ വൻ അപകടം ഒഴിവായി. അപകടസമയത്ത് ബസിൽ 23 യാത്രക്കാരുണ്ടായിരുന്നതായി കണ്ടക്ടർ ജോയൽ ജോർജ് പറഞ്ഞു. കലുങ്ക് ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള ഏഴ് ബസുകളുടെ സർവീസ് മുടങ്ങി. മുളപ്പുറം മുതൽ തൊമ്മൻകുത്തുവരെയുള്ള മുന്നുകിലോമീറ്റർ റോഡിൽ ആറു കലുങ്കുകളാണ് പണിയുന്നത്. ഇതിൽ നാൽപ്പതേക്കർ ഭാഗത്തുള്ള കലുങ്കിൽ വലിയകുഴി രൂപപ്പെട്ടിരുന്നു. ഞായറാഴ്ച തന്നെ ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. റോഡ് പണിയിൽ ഉണ്ടായിട്ടുള്ള അശ്രദ്ധയും അപാകതയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.