leopard
മഞ്ഞമാവിൽ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു

തൊടുപുഴ: നഗരസഭയിൽ പാറക്കടവ് മഞ്ഞമാവ് പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കരിങ്കുന്നം ഇല്ലിചാരിയിലെ ക്യാമറയിൽ പതിഞ്ഞ പുലിയാണ് മഞ്ഞമാവിലും എത്തിയതെന്നാണ് നിഗമനം. ഇല്ലിചാരിയോട് ചേർന്നു കിടക്കുന്ന ഈ മേഖലയാകെ വിഹരിക്കുന്ന പുലി രാത്രി കഴിയുന്നത് സമീപപ്രദേശമായ പൊട്ടൻപ്ലാവിലാണെന്ന് തെളിഞ്ഞു. ഇല്ലിചാരിയിൽ ഇപ്പോൾ വച്ചിട്ടുള്ള കൂട് പൊട്ടൻപ്ലാവിലേക്ക് മാറ്റി സ്ഥാപിച്ച് പുലിയെ പിടിക്കാനുള്ള ശ്രമങ്ങൾ തീവ്രമാക്കും. പുലിയെ കണ്ടെന്ന് നാട്ടുകാർ പലരും പറഞ്ഞതിനെ തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ മഞ്ഞമാവിലെത്തി പരിശോധന നടത്തി. വാർഡ് കൗൺസിലർ ആർ. ഹരിയുമായും നാട്ടുകാരുമായും അവർ സംസാരിച്ചു. അജ്ഞാത ജീവി ആക്രമിച്ച് കൊന്ന നിലയിൽ കുറുക്കന്റെ ജഡം കണ്ടെത്തിയ സ്ഥലവും സന്ദർശിച്ചു. ഒരാഴ്ച മുമ്പ് മഞ്ഞ പുള്ളികളുള്ള ജീവി ഏതാനും നായ്ക്കളെ ഓടിക്കുന്നത് ഒരു കുട്ടി കണ്ടിരുന്നു. അത് പുലി തന്നെ ആവാമെന്ന് നാട്ടുകാർ കരുതുന്നു. വീട്ടിലെ നായകൾ രാത്രിയിൽ നിറുത്താതെ കുരച്ചകാര്യം മുൻ നഗരസഭാ കൗൺസിലർ അരവിന്ദനും ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതെല്ലാം കേട്ട ശേഷമാണ്, പുലി തന്നെയാണെന്ന നിഗമനത്തിൽ എത്തിയത്. തൊടുപുഴ നഗരസഭ മുപ്പതാം വാർഡിൽപ്പെടുന്ന പാറക്കടവ് മഞ്ഞമാവ് പ്രദേശം കരിങ്കുന്നം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നതാണ്. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖലയിലാണ് ആദ്യം പുലിയെ കണ്ടത്. പ്രദേശത്ത് സ്ഥാപിച്ച നാലു ക്യാമറകളിൽ പുലിയുടെ ഫോട്ടോ പതിഞ്ഞിരുന്നു. തുടർന്ന്, വനംവകുപ്പ് ഉദ്യോഗസ്ഥർ കൂട് സ്ഥാപിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പുലി കൂട്ടിൽ കുടുങ്ങിയില്ല. ഇതിനിടെയാണ് മഞ്ഞമാവിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞത്. പുലിയെ കണ്ടതോടുകൂടി ഭീതിയിലായിരിക്കുകയാണ് മഞ്ഞമാവുകാരും.

പട്ടയംകവലയിൽ

പുലി വാർത്ത വ്യാജം

പട്ടയം കവലയിൽ പുലി ഇറങ്ങിയതായി പ്രചരിക്കുന്ന വീഡിയോ വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ് വ്യക്തമാക്കി. മറ്റേതോ സംസ്ഥാനത്ത് പുലി നായകൂടിന് സമീപത്ത് എത്തിയതും നായ കുരച്ച് ബഹളം ഉണ്ടാക്കുന്നതുമായ വീഡിയോയാണ് തൊടുപുഴ പട്ടയംകവലയിൽ പുലിയെത്തിയെന്ന തരത്തിൽ ചില സാമൂഹ്യവിരുദ്ധർ പ്രചരിപ്പിക്കുന്നത്. സാമൂഹ്യമാദ്ധ്യമം വഴി ജനങ്ങളെ ഭീതിയിലാക്കുന്ന ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളോട് ചെയർമാൻ അഭ്യർത്ഥിച്ചു.