തൊടുപുഴ: ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയ പുലിയെ ഇനിയും പിടികൂടാത്തതിലും വനംവകുപ്പിന്റെ മെല്ലപ്പോക്ക് നടപടിയിലും കർഷകരുടെയും കർഷകതൊഴിലാളികളുടെയും സംഘടനയായ ആൾ ഇന്ത്യാ കിസാൻ ഖേത് മസ്ദൂർ സംഘടന (എ.ഐ.കെ.കെ.എം.എസ്) താലൂക്ക് കമ്മിറ്റിയോഗം പ്രതിഷേധിച്ചു.
കരിങ്കുന്നം ഇല്ലിചാരിയിൽ നിരവധി വളർത്തുനായ്ക്കളേയും ആടുകളേയും കാണാതാവുകയും ചിലതിന്റെയൊക്കെ അവശിഷ്ടങ്ങൾ കാണപ്പെടുകയോ ചെയ്തതിന്റെ തുടർച്ചയായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ചിത്രത്തിൽ നിന്നാണ് അക്രമം നടത്തുന്ന ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചത്. കൃഷിക്കാർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് കർഷകർക്ക് കൃഷിയിടങ്ങളിൽ ഇറങ്ങുവാനോ രാത്രികാലങ്ങളിൽ വീടിനു പുറത്തിറങ്ങുവാനോ കഴിയുന്നില്ല. ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കുവാൻ ഒരു കൂടുസ്ഥാപിച്ച് അതിൽ ചത്തകോഴിയെ ഇടുക മാത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചെയ്തത്.
ഇപ്പോൾ സമീപ പ്രദേശങ്ങളായ പാറക്കടവ്, മഞ്ഞുമാവ്, വടക്കുംമുറി, പുറപ്പുഴ പ്രദേശങ്ങളിലും പുലിയുടെ സാന്നിദ്ധ്യം ഉള്ളതായി സംശയിക്കുന്നു. വനത്തിന്റെ സാമീപ്യമില്ലാത്ത ഈ പ്രദേശത്ത് പുലി എങ്ങനെയെത്തി എന്നന്വേഷിക്കുന്നതോടൊപ്പം പുലിയെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മാത്യു ജേക്കബ് കൊന്നയ്ക്കൽ അദ്ധ്യക്ഷനായ യോഗം ജില്ലാ സെക്രട്ടറി സിബി സി. മാത്യു ഉദ്ഘാടനം ചെയ്തു. അലക്സ് ജോർജ് കുരിശ്ശുംമൂട്ടിൽ, ജോസ് ജോസഫ്, ജയ്സൺ ബേബി കോലാനി തുടങ്ങിയവർ സംസാരിച്ചു.