prathikal

അടിമാലി: മുൻ കാലവൈരാഗ്യ ത്തിന്റെപേരിൽ മാങ്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി.മാങ്കുളം ആനക്കുളം നെല്ലിമലയിൽദേവസ്യ (61), ആനക്കുളം ഉടുമ്പിക്കൽ ജെസ്റ്റിൻജോയി (27), ആനക്കുളം 66 ഭാഗം മുകളേൽ സനീഷ് ഷാജി (23) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മാങ്കുളം ആനക്കുളത്ത് ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

മാങ്കുളം ആനക്കുളം ഇളംചിങ്ങത്ത് ഷാജി മാത്യു (50) വിനെയാണ് ഇവർ വാക്കത്തിക്ക് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. അറസ്റ്റിലായവർ ബൈക്ക് വട്ടംവച്ച് ഷാജിയുടെ ഓട്ടോ തടഞ്ഞുനിർത്തിയശേഷം വലിച്ചിറക്കി ആക്രമിയ്ക്കുകയായിരുന്നു. അക്രമി സംഘത്തിലെ ജെസ്റ്റിൻ വാക്കത്തികൊണ്ട് ഷാജിയുടെ തലയ്ക്ക് വെട്ടിയെന്നും ഈ സമയം ഷാജിയുടെ മകൻ അഭിജിത്ത് തടഞ്ഞതുകൊണ്ട് മാത്രമാണ് ജീവൻ രക്ഷപെട്ടതെന്നുമാണ്‌ പൊലീസ് കേസ്. . അഭിജിത്തിന്റെ കൈവിരലിനും മുറിവേറ്റിട്ടുണ്ട്. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സതേടി. ജെസ്റ്റിനും സനീഷും രാത്രിയോടെപൊലീസിന്റെ പിടിയിലായിരുന്നു.ദേവസ്യയെ ഇന്നലെ പുലർച്ചെ ഒളിയിടത്തിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഈ സംഭവത്തിൽ പിടിയിലായവരിൽദേവസ്യ ഒഴികെയുള്ളവർ ഏതാനും ആഴ്ചകൾക്ക് മുമ്പ് ആനക്കുളത്ത് വിനോദസഞ്ചാരികളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിൽ ഉൾപ്പെട്ടിരുന്നെന്നും ഇവർ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരാണെന്നും പൊലീസ് പറഞ്ഞു.

ചെറായിയിൽനിന്ന് മാങ്കുളം സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്കുനേരേയാണ് കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം ആനക്കുളം ചെക്ക്ഡാമിന് സമീപത്ത് സ്ത്രീകൾ ഉൾപ്പടെയുള്ള വിനോദസഞ്ചാരികൾക്കുനേരേ അസഭ്യവർഷം നടത്തിയശേഷം ആക്രമിക്കുകയായിരുന്നു.

സഞ്ചാരികൾപൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽപോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്ന് സനീഷും ജെസ്റ്റിനും പിടിയിലായത്. ഈ സംഭവത്തിൽ വിനോദസഞ്ചാരികളെ അക്രമികളിൽ നിന്നും രക്ഷിയ്ക്കാൻ ഇന്നലത്തെ ആക്രമണത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഷാജി ഇടപെട്ടിരുന്നു. ഇതാണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണമെന്നാണ്‌ പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.