തൊടുപുഴ: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ പ്രവർത്തക സമ്മേളനം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഷെറോൺ കൾച്ചറൽ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറ് മാസമായി താലൂക്ക് തലത്തിൽ കരയോഗങ്ങളെ അഞ്ച് മേഖലകളായി തിരിച്ച് സമ്മേളനങ്ങൾ നടത്തുന്നുണ്ട്. 2024 വനിത ശാക്തീകരണ വർഷമായി ആചരിക്കുന്നതിനാൽ താലൂക്ക് യൂണിയൻ സ്ത്രീകൾക്കായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും ഭാരവാഹികൾ പറഞ്ഞു. കരയോഗം രജിസ്ട്രാർ വി.വി. ശശിധരൻ നായർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് ശേഷം വനിതാ യൂണിയന്റെ നേതൃത്വത്തിൽ ആയിരത്തിൽപ്പരം അംഗങ്ങളെ ഉൾപ്പെടുത്തി മെഗാതിരുവാതിര നടക്കും.
യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് എം.ബി. ധർമാംഗദ കൈമൾ, സെക്രട്ടറി ആർ. അനിൽകുമാർ, എസ്. ശ്രീനിവാസൻ, കെ.പി. ചന്ദ്രഹാസൻ, സി.സി. അനിൽകുമാർ, എ.എൻ. ദിലീപ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.