മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന പ്രതിമാസ വീട്ടുമുറ്റ പുസ്തക ചർച്ച വായനശാലകൾക്കാകെ മാതൃകയാകുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറിൽപരം ആളുകൾ പങ്കെടുക്കുന്ന വീട്ടുമുറ്റ പുസ്തകചർച്ച അക്ഷരങ്ങളേയും വായനയേയും സ്‌നേഹിക്കുന്ന പുതിയ തലമുറയുടെ പുനർനിർമ്മിതിയായി മാറുകയാണ് . വായനയെ തിരികെ പിടിക്കുക എന്ന ലക്ഷ്യത്തിലാരംഭിച്ച പ്രതിമാസവീട്ടുമുറ്റ പുസ്തക ചർച്ചയിൽ 21 ാമത്തെ വീട് മുതലക്കോടത്ത് ലൈബ്രറി പ്രസിഡന്റ് കെ. സി. സുരേന്ദ്രന്റെ വീട്ടുമുറ്റമായിരുന്നു.ലോക ക്ലാസിക്കായ ടോൾസ്റ്റോയുടെ 'അന്നാ കരേനീന ' എന്ന നോവലാണ് ചർച്ചയ്‌ക്കെടുത്തത്. ജില്ലാ പഞ്ചായത്ത് അംഗവും എഴുത്തുകാരനുമായ ജിജി.കെ.ഫിലിപ്പ് കഥ പറഞ്ഞ് അവതരിപ്പിച്ചപ്പോൾ ലോകസാഹിത്യത്തിന്റെ വിശാലമായ എഴുത്തിന്റെ കൈവഴികളിലൂടെയെല്ലാം ആസ്വാദക മനസ്സുകളെ കൊണ്ടുപോയി. എഴുത്ത്കാരനും പ്രഭാക്ഷകനുമായ കെ. ആർ. . സോമരാജന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. സി. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എ. പി. കാസീൻ, ജോ.സെക്രട്ടറി ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു. എസ്. വൈശാഖൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി പി. വി. .സജീവ് നന്ദിയും പറഞ്ഞു.