 കൂട് പൊട്ടൻപ്ലാവിലേക്ക് മാറ്റും

തൊടുപുഴ: ഒരു മാസത്തിലേറെയായി തൊടുപുഴ നഗരത്തിൽ നിന്ന് എട്ട് കിലോമീറ്റർ മാത്രം അകലെ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന് ജനജീവിതം ഭീതിയിലാഴ്ത്തിയിട്ടും വനംവകുപ്പിന് പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. തൊടുപുഴ നഗരസഭയുടെ കീഴിലുള്ള പാറക്കടവ് ഭാഗത്ത് പുലിസാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ വാദം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കരിങ്കുന്നം,​ മുട്ടം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇല്ലിചാരി മലയിൽ കണ്ട പുള്ളിപ്പുലി തന്നെയാണ് ഇവിടെയും എത്തിയതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം രാത്രിയിൽ മലങ്കര എസ്റ്റേറ്റിന്റെ ഭാഗമായ കാത്തോലിയിൽ പുലിയെ കണ്ടതായും നാട്ടുകാർ പറയുന്നുണ്ട്. ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇല്ലിചാരി മലയുടെ മുകളിൽ ആദ്യം വച്ച കൂട്ടിൽ പുലി കുടുങ്ങാത്തതിനെ തുടർന്ന് രണ്ടാമതും കൂട് വച്ചു. എന്നിട്ടും പുലി കുടുങ്ങിയില്ല. ഇതിനിടെ അമ്പലപ്പടി, പൊട്ടൻപ്ലാവ് മേഖലകളിലെ പുലിമടയ്ക്ക് സമീപത്തുള്ള ക്യാമറയിൽ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു. തുടർന്ന് ഇല്ലിചാരി മലയിൽ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊട്ടൻപ്ലാവിലേക്ക് മാറ്റി സ്ഥാപിച്ചു. ഇന്നലെ വൈകിട്ടോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ കൂട് സ്ഥാപിച്ചത്. ഇതിൽ ജീവനുള്ള ജീവനുള്ള ആടിനെ കെട്ടിയാണ് കെണിയൊരുക്കിയിരിക്കുന്നത്. ആടിനെ പിടിക്കും മുമ്പ് തന്നെ പുലി കൂട്ടിലകടപ്പെടുന്ന തരത്തിലുള്ള കെണിയാണിത്. പുലി ഉടൻ കുടുങ്ങുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിൽ പുലി സാന്നിദ്ധ്യം എപ്പോളും ഉണ്ടെങ്കിലും ലോറേഞ്ച് മേഖലകളിൽ അപൂർവമായാണ് പുലിയെ കാണുന്നത്.

'നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിൽ സർക്കാർ അലംഭാവം കാണിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന പുലിയെ പിടികൂടിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്തും"

-ഡീൻ കുര്യാക്കോസ് എം.പി

പ്രദേശവാസികൾ ഭീതിയിൽ

രാപകൽ ഭേദമില്ലാതെ വളർത്ത് നായ്ക്കളുടെ കുര കേട്ടാൽ ഇല്ലിചാരി മലയുടെ ചുറ്റുവട്ടത്ത് താമസിക്കുന്നവർക്കിപ്പോൾ നടുക്കമാണ്. ഈ സമയങ്ങളിൽ ആരും പുറത്തിറങ്ങാറില്ല. നായകൾ കുരച്ച് നിമിഷങ്ങൾക്കകം എത്തുന്ന പുലി ഇതിനോടകം ആടും പട്ടിയും ഉൾപ്പെടെ ഡസൺ കണക്കിന് വളത്ത് മൃഗങ്ങളെയാണ് കൊന്ന് തിന്നത്. പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിന് ശേഷം കൃഷിയിടങ്ങളിൽ പോലും ഇറങ്ങാൻ ഭയപ്പെടുകയാണ് നാട്ടുകാർ. ജനവാസമേഖലയോട് ചേർന്നുള്ള പാറക്കൂട്ടങ്ങൾക്കിടയിലാണ് പുലിയുടെ മട. ഇവിടങ്ങളിൽ പുലിയെത്തുന്ന നിരവധി ദൃശ്യങ്ങൾ വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ഇതിനോടകം പതിഞ്ഞിട്ടുണ്ട്. പകലും രാത്രിയുമൊക്കെ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വീടിനോട് ചേർന്നുള്ള പാറക്കൂട്ടങ്ങൾക്കിടയിൽ ഉൾപ്പെടെ ജനവാസമേഖലകളിൽ പുലി ചുറ്റിക്കറങ്ങുന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ചത്ത കോഴിയെയും ജീവനുള്ള ആടിനെയുമൊക്കെ വച്ച് വനം വകുപ്പ് കെണിയൊരുക്കിയെങ്കിലും ഇതുവരെ പുലി കുടുങ്ങാത്തത് ജനങ്ങളെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.

പൊട്ടൻപ്ലാവിലേക്ക് മാറ്റി സ്ഥാപിച്ച പുലിക്കൂട്