vellakkett

തൊടുപുഴ: നഗരവാസികൾക്കും വ്യാപാരികൾക്കും തീരാദുരിതം തീർത്ത് ഇന്നലെയും കനത്ത മഴയെ തുടർന്ന് തൊടുപുഴ നഗരത്തിലെങ്ങും വെള്ളക്കെട്ടുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം നാല് മുതലാണ് നഗരത്തിൽ മഴ ആരംഭിച്ചത്. മഴയ്‌ക്കൊപ്പം ശക്തമായ മിന്നലും ഉണ്ടായിരുന്നു. മങ്ങാട്ടുകവല- കാരിക്കോട് റോഡ്,​ മാർക്കറ്റ് റോഡ്,​ പച്ചക്കറി മാർക്കറ്റ്, ന്യൂമാൻ കോളേജിന് മുൻവശം, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മണക്കാട് ജംഗ്ഷൻ, റോട്ടറി ജംഗ്ഷൻ, മാവിൻചുവട്, മൗണ്ട് സിനായ് റോഡ്, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ എന്നിവിടങ്ങളിലും വെള്ളം കയറി. ഈ റോഡുകളിലൂടെയുള്ള വാഹന ഗതാഗതവും ഏറെ നേരം തടസപ്പെട്ടു. ഇവിടങ്ങളിലെ കടകളിലടക്കം വെള്ളം കയറിയത് വ്യാപാരികളെ വലച്ചു. പോക്കറ്റ് റോഡുകളിൽ നിന്ന് കുത്തൊഴുക്കിൽ കല്ലും മണ്ണും മെയിൻ റോഡിലേക്ക് ഒഴുകിയെത്തിയതും വാഹനയാത്രികർക്ക് ദുരിതമായി. നഗരസഭയും മറ്റ് സർക്കാർ വകുപ്പുകളും നടത്തിയ പ്രവർത്തനങ്ങളൊന്നും ഫലപ്രദമായില്ലെന്നാണ് ആവർത്തിച്ചുണ്ടാകുന്ന വെള്ളക്കെട്ട് തെളിയിക്കുന്നത്. ഓടകൾ അടഞ്ഞതിനാൽ മഴ പെയ്താൽ വെള്ളം ഒഴുകിപോകാൻ സൗകര്യം ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഓടകൾ നഗരസഭയുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ വൃത്തിയാക്കാറുണ്ടെങ്കിലും മാലിന്യം നിറഞ്ഞ് വീണ്ടും അടയും. മഴവെള്ളം യഥേഷ്ടം ഒഴുകുന്നതിന് സൗകര്യപ്രദമായ തരത്തിൽ വീതിയുണ്ടായിരുന്ന ഓടകൾ പലതും കൈയേറ്റത്തിന്റെ ഫലമായി ഇടുങ്ങിപ്പോയി. തൊടുപുഴ മണക്കാട് ജംഗ്ഷനിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ ചെലവിട്ടാണ് പൊതുമരാമത്ത് വകുപ്പ് നിർമ്മാണം നടത്തിയത്. കലുങ്ക് വീതികൂട്ടി നിർമ്മിച്ചു, റോഡ് ഭാഗം ചെറിയതോതിൽ ഉയർത്തുകയും ചെയ്തു. എന്നാൽ, ഈ ഭാഗത്തേക്ക് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നടക്കം എത്തുന്ന വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള വീതി ഓടകൾക്കൊന്നിനുമില്ല. പലപ്പോഴും ഓടയ്ക്കുമുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബിന്റെ വിടവിലൂടെ വെള്ളം റോഡിലേക്കാണ് ഒഴുകുന്നത്. എം.എൽ.എ ഫണ്ട് മുഖേന തൊടുപുഴയിലെ ചിലയിടങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.