മുട്ടം: ഗവ. പോളിടെക്നിക്ക് കോളേജിൽ കുടിവെള്ളം ലഭ്യമല്ലാതായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. അഞ്ച് ട്രേഡുകളിലായി പെൺകുട്ടികൾ ഉൾപ്പെടെ 900 വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിലാണ് ഈ ദുരവസ്ഥ. കൂടാതെ വനിതകൾ ഉൾപ്പടെ 120 ജീവനക്കാരും ജോലി ചെയ്യുന്ന സ്ഥാപനമാണിത്. കടുത്ത വേനൽ ചൂടിൽ തൊണ്ട നനയ്ക്കാൻ ഒരു തുള്ളി വെള്ളം പോലും ലഭ്യമാകാതെ കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും പരക്കം പായുന്ന അവസ്ഥയാണുള്ളത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള വെള്ളം ലഭിക്കാത്തതിനെ തുടർന്ന് പെൺകുട്ടികളും വനിതാ ജീവനക്കാരും ഏറെ ദുരിതമാണ് അനുഭവിക്കുന്നതും. പോളിടെക്നിക്കിന്റെ ആവശ്യത്തിലേക്ക് മുട്ടം പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ കിണർ വറ്റിയതാണ് നിലവിലെ പ്രശ്നം. എന്നാൽ വേനൽ രൂക്ഷമാകുന്ന അവസ്ഥയിൽ കോളേജിലേക്ക് കൃത്യമായി വെള്ളം ലഭ്യമാക്കാൻ കോളേജ് അധികൃതർ മുൻകൂട്ടി നടപടികൾ സ്വീകരിച്ചില്ലായെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ ആരോപിക്കുന്നു. വെള്ളം ലഭ്യമല്ലാത്തതിനെ തുടർന്ന് ആൺകുട്ടികളുടെ ഹോസ്റ്റൽ അടച്ചിട്ടിരിക്കുകയാണ്. പോളിടെക്നിക്ക് 15 ലക്ഷം വാട്ടർ അതോറിട്ടിയിൽ അടച്ച് 2015ൽ കമ്മിഷൻ ചെയ്ത കുടിവെള്ള പദ്ധതി ഇത് വരെ പ്രവർത്തന സജ്ജമാക്കുന്നതിന് പോളിടെക്നിക്ക്, വാട്ടർ അതോറിട്ടി അധികൃതർ നടപടികൾ സ്വീകരിച്ചില്ലെന്നും പറയുന്നു. ഈ പദ്ധതി പ്രവർത്തന സജ്ജമായാൽ എക്കാലവും കോളേജിൽ വെള്ളം ലഭ്യമാകും. പദ്ധതി പ്രവർത്തന സജ്ജമാക്കുന്നതിന് കളക്ടർ ഉൾപ്പടെയുള്ള അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.