പീരുമേട്: കുട്ടിക്കാനത്ത് ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന വ്യാപക നാശം വിതച്ചു. കുട്ടിക്കാനം സെന്റ്‌ ജോസഫ് മൗണ്ട്‌ കോൺവെന്റിന്റെ വളപ്പിൽ കയറിയ കാട്ടാനയാണ് വ്യാപക കൃഷി നാശം വരുത്തിയത്. കഴിഞ്ഞ നാളുകളിൽ പീരുമേട്ടിലും പരിസരപ്രദേശങ്ങളിലുമായിരുന്നു കാട്ടാനകൾ നിലയുറപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ കുട്ടിക്കാനം ടൗണിന് സമീപത്തുവരെ എത്തിയിരിക്കുകയാണ്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ കുട്ടിക്കാനം മൗണ്ട് സെന്റ്‌ ജോസഫ്‌ കോൺവെന്റിന്റെ വളപ്പിൽ കയറിയ കാട്ടാന കോൺവെന്റിന്റെ ചുറ്റുമതിൽ തകർത്തു. തുടർന്ന് അകത്തു കയറിയ കാട്ടാനകൾ വാഴയുൾപ്പെടെയുള്ള കൃഷി വിളകൾ നശിപ്പിച്ചു. വെള്ളം കൊണ്ടുപോകുന്ന കുടിവെള്ള പൈപ്പുകൾ ചവിട്ടി പൊട്ടിച്ചു. കാട്ടാന വളപ്പിൽ കയറിയ വിവരം കോൺവെന്റിലുള്ളവർ അറിഞ്ഞെങ്കിലും ഭയം കാരണം പുറത്തേക്ക് ഇറങ്ങിയില്ല. പുലർച്ചെ അഞ്ചു മണിയോടെ വ്യാപക നാശം വരുത്തിയശേഷമാണ് ആന കൂട്ടം മടങ്ങിയത്. കഴിഞ്ഞ കുറച്ചു നാളുകളായി രണ്ട് ആനകളാണ് പീരുമേട്,​ കുട്ടിക്കാനം മേഖലയിൽ വ്യാപക നാശം വരുത്തുന്നത്. രാത്രി സമയങ്ങളിൽ കൃഷിയിടങ്ങളിൽ എത്തുന്ന ആനകൾ വ്യാപക നാശം വരുത്തിയശേഷം നേരം പുലരുമ്പോൾ വനാതിർത്തിയിലേക്ക് മടങ്ങും. വനംവകുപ്പിന്റെ നേതൃത്വത്തിലും ആർ.ആർ.ടി ടീമിന്റെ നേതൃത്വത്തിലും ജനവാസമേഖലയിൽ ഇറങ്ങുന്ന ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ ഉൾക്കാട്ടിലേക്ക് മടങ്ങുന്നില്ല.