പീരുമേട്: താലൂക്ക് ഭരണ സിരാകേന്ദ്രത്തിന് സമീപം സർക്കാർ ഭൂമിയിൽ വൻ കൈയേറ്റം.
2017ൽ സ്വാതന്ത്രസമര സേനാനി അക്കാമ്മ ചെറിയാന്റെ സ്മരണ നിലനിർത്താൻ മ്യൂസിയം നിർമ്മിക്കാൻ കണ്ടെത്തിയ റവന്യൂ ഭൂമിയിലാണ് കൈയേറ്റം നടന്നത്. പീരുമേട്ടിലെ അഗ്നിശമനസേനാ ഓഫീസിന്റെ പിന്നിലെ മലയിൽ പീരുമേട് താലൂക്ക് ഓഫീസിന്റെ സമീപത്തായാണ് കൈയേറ്റം. അഞ്ചര ഏക്കർ റവന്യൂ ഭൂമിയാണ് ഇവിടെയുള്ളത്. ഇവിടെയാണ് കൈയേറ്റം നടന്നത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് സ്ഥലം തെളിച്ചിട്ടിരിക്കുകയാണ്. മ്യൂസിയം കുട്ടിക്കാനത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനമായതോടെ സ്ഥലം വിജനമായി കിടക്കുകയായിരുന്നു. 2014ൽ പീരുമേട് പഞ്ചായത്തിന്റെ പരിധിയിലെ ഭൂരഹിതരായവർ സി.പി.എം പോഷക സംഘടനയുടെ നേത്യത്വത്തിൽ 10 സെന്റ് സ്ഥലം കൈയേറുകയും വീട് നിർമ്മിക്കാൻ തറ നിർമ്മിക്കുകയും കൊടി സ്ഥാപിക്കുകയും ചെയ്തിരുന്നു. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ ഇവിടെ ഭൂരഹിതർക്ക് മൂന്ന് സെന്റ് സ്ഥലം നൽകുകയും സ്ഥലം ലഭിച്ചവർ വീട് നിർമ്മിച്ച് താമസം ആരംഭിക്കുകയും ചെയ്തു. ഭൂരഹിതർക്ക് നൽകിയ ശേഷം മിച്ചം വന്ന സ്ഥലത്താണ് അക്കാമ്മ ചെറിയാൻ മ്യൂസിയം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയത്. ഇവിടെയാണ് കൈയേറ്റം നടന്നത്. മണ്ണ് മാന്ത്രി യന്ത്രം ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനം നടത്തിയത്. സ്ഥലം സന്ദർശിച്ച പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ റവന്യൂ വിഭാഗത്തിനോട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതായി പീരുമേട് തഹസീൽദാർ സണ്ണി ജോർജും പറഞ്ഞു. പീരുമേട് വില്ലേജ് ഓഫീസറോട് ഇതു സബന്ധിച്ച റിപ്പോർട്ടും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.