കണ്ണൂർ: മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നുവെന്ന് നാട്ടുകാർ. ഇന്നലെ ഉണ്ടായ അതിശക്തമായ കടലാക്രമണത്തിൽ ബ്രിഡ്ജ് തകർന്നതായാണ് പറയുന്നത്. ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ പല ഭാഗങ്ങളും വേർപ്പെട്ടുപോവുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കടലാക്രമണ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിലേക്ക് ആളുകളെ കയറ്റിയിരുന്നില്ല. ഇതിനാൽ തന്നെ മറ്റ് അനിഷ്ട സംഭവങ്ങളുണ്ടായിട്ടില്ല. അതേസമയം, തകർന്നതല്ല, കടലാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അഴിച്ചുവച്ചതാണെന്നാണ് ഡി.ടി.പി.സിയുടെ വിശദീകരണം. ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന് തകരാർ സംഭവിക്കാതിരിക്കാൻ ഭാഗങ്ങൾ അഴിച്ചുവയ്ക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ബീച്ചിലേക്ക് ആളുകൾ വന്നിരുന്നെങ്കിലും ബ്രിഡ്ജിലേക്ക് കയറ്റിയിരുന്നില്ല. 15 ഓളം ആങ്കറുകൾ അഴിച്ചുവച്ചിരുന്നതായി അധികൃതർ അറിയിച്ചു. ബ്രിഡ്ജിന്റെ ഭാഗത്തുതന്നെയാണ് ബാക്കി ഭാഗങ്ങൾ കെട്ടിവച്ചത്. അത് ശക്തമായ തിരയിൽ കരയിലേക്ക് എത്തുകയായിരുന്നുവെന്നും ആളുകൾ വീഡിയോ എടുത്ത് ബ്രിഡ്ജ് തകർന്നുവെന്ന രീതിയിൽ പ്രചരിപ്പിക്കുകയുമാണെന്നാണ് ഡി.ടി.പി.സി. പറയുന്നത്.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം പാലിക്കണമെന്നും ഡി.ടി.പി.സി അറിയിച്ചു.