
സ്ഥാനാർത്ഥിക്കൊപ്പം -എം.വി. ജയരാജൻ
.
കണ്ണൂർ:പ്രഭാത നടത്തം പതിവാക്കുന്നതിന്റെ ഗുണങ്ങൾ സഹപ്രവർത്തകരോട് പങ്കുവച്ചു കൊണ്ടാണ് കണ്ണൂർ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.വി.ജയരാജന്റെ ദിന്യ ചര്യ ആരംഭിച്ചത്.ചെലവൊന്നുമില്ലാതെ തുടങ്ങാവുന്നതും ഏത് പ്രായക്കാർക്കും എളുപ്പം പിന്തുടരാവുന്നതുമായ വ്യായാമമാണ് രാവിലെയുള്ള നടത്തമെന്നാണ് കണ്ണൂരിലെ ഇടതുസ്ഥാനാർത്ഥിയുടെ അഭിപ്രായം.
ദിവസം തുടങ്ങാൻ പ്രഭാതനടത്തം പോലെ മികച്ച ഒരു വഴിയില്ലെന്ന് പറയുമ്പോൾ ജയരാജനിൽ ചുറുചുറുക്ക് പ്രകടം. പയ്യാമ്പലം തീരത്തുള്ള പ്രഭാതനടത്തത്തിൽ സ്ഥാനാർത്ഥിയ്ക്ക് വോട്ടർമാരുമായുള്ള സൗഹൃദ സംഭാഷണത്തിനുള്ള അവസരം കൂടിയാണ്. സംസാരിച്ചവരിൽ പലരും ചൂണ്ടിക്കാട്ടിയത് പയ്യാമ്പലം തീരത്തിന്റെ മാറ്റത്തെക്കുറിച്ചാണ്. ടൂറിസം സാദ്ധ്യതകളെകുറിച്ചും സർക്കാറിന്റെ ശ്രദ്ധ പതിയേണ്ട കാര്യങ്ങളെ കുറിച്ചുമെല്ലാം പരിചയം കൂടാനെത്തിയവർ അക്കമിട്ട് പറഞ്ഞു. ഒരു ഘട്ടത്തിൽ സവാരി തന്നെ മറന്ന് രാഷ്ട്രീയ സംവാദത്തിന് തന്നെ സ്ഥാനാർത്ഥി തയ്യാറായി. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ കേട്ടും പ്രതികരിച്ചും ഒരു സംവാദ സദസ്സ് തന്നെ ഒരുക്കുകയായിരുന്നു ജയരാജൻ.
പയ്യാമ്പലത്തെ വൻ സാദ്ധ്യതകളുള്ള ടൂറിസം കേന്ദ്രമായി ഉയർത്താൻ മുൻ എം.പി പി.കെ.ശ്രീമതി നടത്തിയ ഇടപെടൽ വലിയമാറ്റങ്ങളുണ്ടാക്കിയെന്ന് കൂടെയുണ്ടായിരുന്ന ഇടതു നേതാക്കൾ പറഞ്ഞു. നടപ്പാത നിർമ്മിച്ചതോടെയാണ് തീരത്തിന്റെ മുഖം കൂടുതൽ മനോഹരമായത്. ഇതോടെ പ്രഭാത സവാരി കൂടുതൽ സുഖമമായി. പയ്യാമ്പലത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഇനി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായവും ഒപ്പംകൂടിയവരിൽ നിന്നും ഉയർന്നു.ഇതിനിടയിൽ സ്ഥാനാർത്ഥിക്കൊപ്പം പ്രഭാത നടത്തത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കൂടിയിരുന്നു. കെ.വി.സുമേഷ് എം.എൽ.എ, എം.പ്രകാശൻ, പി.പ്രശാന്തൻ, ഒ.കെ.വിനീഷ് എന്നിവരെല്ലാം ഈ സംഘത്തിൽ കൂടി.
നേരത്തെ പെരളശ്ശേരിയിലെ വീടിനടുത്തായിരുന്നു എം.വി.ജയരാജന്റെ പതിവ് പ്രഭാതസവാരി. തിരഞ്ഞെടുപ്പ് തിരക്ക് കാരണം ഇപ്പോൾ പയ്യാമ്പലത്തേക്ക് മാറ്റിയതാണ്.
" ശ്രീമതിടീച്ചർ എം.പിയായിരിക്കെ പയ്യാമ്പലം ബീച്ച് സൗന്ദര്യവത്ക്കരണത്തിന് ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയിരുന്നു. നിർഭാഗ്യവശാൽ അതിനൊരു തുടർച്ചയുണ്ടായില്ല. അതുകൊണ്ട് തന്നെ വികസനം താളം തെറ്റി. ഈ സ്ഥിതി മാറ്റി പയ്യാമ്പലത്തെ കേരളത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കേണ്ടിയിരിക്കുന്നു. വരും നാളുകളിൽ അതിനായി നമുക്ക് കൈ കോർക്കാം"- പയ്യാമ്പലം ബീച്ചിനെക്കുറിച്ച് ചോദ്യം ചോദിച്ചവരോട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഉത്തരം ഇങ്ങനെ. പയ്യാമ്പലത്തും മുഴപ്പിലങ്ങാടും 2019ന് ശേഷം വികസനത്തിനായി കേന്ദ്ര ഫണ്ടിൽ നിന്നോ എം.പി ഫണ്ടിൽ നിന്നോ ഒരു രൂപ പോലും ചെലവാക്കാനോ പുതിയ പദ്ധതികൾ കൊണ്ടുവരാനോ സാധിച്ചിട്ടില്ലെന്ന വിമർശനവും ജയരാജൻ ഉന്നയിച്ചു. തന്റെ മുഖ്യ എതിരാളിയായ കെ.സുധാകരൻ എം.പിയ്ക്കെതിരെയായിരുന്നു ഈ വിമർശനത്തിന്റെ മുന തിരിച്ചത്.