
കാസർകോട്: ഭരണനേതൃത്വത്തിന്റെ അറിവോടെ റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷനും പൊലീസും ഗുരുതര വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു.കാസർകോട് പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച ജനസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവാരമില്ലാത്തതും ഏകപക്ഷീയമായതുമായ അന്വേഷണമാണ് നടന്നതെന്ന് വിധിയിൽ പറയുന്നു. പ്രതികൾ ആർ.എസ്.എസ് ആണെന്ന് തെളിയിക്കുന്നതിന് ഉൾപ്പെടുത്തിയിരുന്ന ആറ് സാക്ഷികളിൽ ഒരാളെ മാത്രമാണ് വിസ്തരിച്ചത്. അഞ്ച് പേരെ വിസ്തരിക്കാത്തത് ദുരൂഹമാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. മതപരമായ വിദ്വേഷത്തെ തുടർന്നാണ് ഒരു നിരപരാധിയെ കൊലപ്പെടുത്തിയതെന്നും പ്രതികൾക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്നതിനും തെളിവായി സാക്ഷികൾ ഉണ്ടായിട്ടും വിസ്തരിച്ചില്ല. വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ കൊന്നു കെട്ടിത്തൂക്കിയിട്ടും ഡി.വൈ.എഫ്.ഐക്കാരനെ രക്ഷിക്കാൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചത് പോലെയാണ് ഈ കേസിലും നടന്നത്ത്. തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലിൽ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർ.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലെ തീരുമാനത്തിന്റെ ഭാഗമായാണോ ആർ.എസ്.എസുകാരായ പ്രതികളെ രക്ഷിച്ചതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
കൊടുംകുറ്റവാളികളെ സർക്കാർ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തുന്ന പ്രസംഗങ്ങൾക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. ബി.ജെ.പിയെ പേടിച്ചാണ് വിദ്വേഷ പ്രസംഗം നടത്തിയ നളിൻ കുമാർ കട്ടീലിനെതിരെ കേസെടുക്കാതിരുന്നത്. ബി.ജെ.പിയെ ഭയക്കുന്ന മുഖ്യമന്ത്രി മുസ്ലീങ്ങളുടെ വോട്ട് കിട്ടാനാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ പൗരത്വ നിയമത്തെ കുറിച്ച് എഴുതി തയ്യാറാക്കിയ പച്ചക്കള്ളം വായിക്കുന്നത്.പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇപ്പോഴും പച്ചക്കള്ളമാണ് പറയുന്നത്. തെളിവുകൾ ഹാജരാക്കിയിട്ടും ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് കോൺഗ്രസിനെതിരെ മുഖ്യമന്ത്രി സംസാരിക്കുന്നത്. ജനങ്ങൾക്ക് സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിഷേധമുണ്ട്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. യു.ഡി.എഫ് സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. എൻ.എ.നെല്ലിക്കുന്ന്, കെ.പി.കുഞ്ഞിക്കണ്ണൻ എന്നിവരും കൂടെയുണ്ടായിരുന്നു.
എസ്.ഡി.പി.ഐ വോട്ടിൽ മൗനം
എസ്.ഡി.പി.ഐ യുമായി ചർച്ച നടത്തുകയോ ധാരണ ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ദേശീയ രാഷ്ട്രീയമാണ് ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. ബി.ജെ.പിയുടെ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ എസ്.ഡി.പി.ഐ നിലപാട് എടുത്തുകാണും. തിരഞ്ഞെടുപ്പിൽ അവരുടെ വോട്ട് വേണ്ടെന്ന് പറയുമോ എന്ന ചോദ്യത്തിൽ നിന്ന് പ്രതിപക്ഷനേതാവ് ഒഴിഞ്ഞുമാറി.