ala-leyam-thod
അലക്യം തോട് കുഴിയായി മാറിയ നിലയിൽ

പരിയാരം: കടുത്ത വേനലിലും നീരുറവയുള്ള അലക്യം തോടിന് മരണവിധിയെഴുതി ദേശീയപാത വികസനം. നിരവധി ഗ്രാമങ്ങളുടെ ജലസ്രോതസാണ് റോഡ് വികസനത്തിൽ ഒഴുക്കുതടസപ്പെട്ട് മരണത്തിലേക്ക് നീങ്ങുന്നത്. പരിയാരം ഗ്രാമ പഞ്ചായത്തിന്റെ അതിർത്തിയിൽ നിന്നുദ്ഭവിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് മുന്നിലൂടെ ചെറുതാഴം, കടന്നപ്പള്ളി ഗ്രാമപഞ്ചായത്തുകൾക്കും ഒരു കിലോമീറ്ററിലധികം ദേശീയപാത അതിരിട്ടും ഒഴുകുന്ന തോടാണ് അലക്യം തോട്.

റോഡ് വികസനത്തിൽ കുറേ ഭാഗം തോട് പൂർണ്ണമായും റോഡിനിടയിലൂടെ ഒഴുക്കി വിടാനാണ് തീരുമാനം. എന്നാൽ മഴക്കാലത്ത് വെള്ളം കുത്തിയൊഴുകുന്ന തോട് ഈ പരിമിതമായ സൗകര്യത്തിൽ തൃപ്തയാവുമോയെന്ന് കണ്ടറിയണമെന്ന് നാട്ടുകാർ പറയുന്നു. പാതയുടെ തടയലിനു പുറമെ മാലിന്യവും തോടിനെ നശിപ്പിക്കുന്നു. തോട് സംരക്ഷണത്തിനായി പല പദ്ധതികളും തയ്യാറാക്കിയെങ്കിലും കാലം ഇത്ര കഴിഞ്ഞിട്ടും ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല. ഇപ്പോൾ ഒഴുക്ക് തന്നെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
വേനൽച്ചൂടിൽ നാടാകെ ഉരുകുമ്പോൾ വറ്റാത്ത ജലസ്രോതസ്സാണ് അലക്യം തോട്. സംരക്ഷിച്ചുനിർത്തുകയാണെങ്കിൽ നാളേക്ക് കരുതിവെക്കുന്ന അമൂല്യ സമ്പത്താണ് ഇത്തരം ജലാശയങ്ങൾ. ശുചീകരിച്ച്, അരികുകൾ കെട്ടി സംരക്ഷിക്കുകയും മാലിന്യം തള്ളുന്നത് നിരോധിക്കുകയും ചെയ്താൽ മികച്ച ശുദ്ധജലശ്രോതസ്സായി ഈ തോട് മാറും.

അനുഗ്രഹമാണ് ഈ ജലാശയം

ചെറുതാഴം, കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തുകളിലെ ഭൂഗർഭജല സ്രോതസ്സാണ് ഈ തോട്. കൃഷി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. പരിയാരം ആയുർവേദ കോളേജിലേക്ക് ശുദ്ധജലം പോകുന്ന കിണർ സ്ഥിതി ചെയ്യുന്നതും തോടിന് അരികിലാണ്.

എന്നാൽ, അപകടത്തിലാണ്

ഗവ. മെഡിക്കൽ കോളേജിലെ സീവേജ് പ്ലാന്റിൽ നിന്നൊഴുകുന്ന മലിനജലം പേറിയാണ് തോടൊഴുകുന്നത്. ശുചിമുറി മാലിന്യം ഉൾപ്പെടെ ഈ തോട്ടിലേക്ക് ഒഴുകി വരികയാണ്. ഇത് വെള്ളത്തെയും ചെറുമീനുകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളെയും പ്രകൃതിയേയും ഏറെ ബാധിക്കുന്നു. കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യവും തോട്ടിലെ വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തോടിന് ഭിത്തി കെട്ടി സംരക്ഷിക്കാനും ദേശീയപാതയിൽ കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇതൊന്നും നാളിതുവരെയായി നടപ്പിലാക്കിയിട്ടില്ല. വറ്റാത്ത ഉറവ നിലനിർത്താൻ നാടൊന്നിച്ച് അണിനിരന്നാലേ തോടിന് മോക്ഷം കിട്ടൂ.

പരിസ്ഥിതി പ്രവർത്തകർ