
കണ്ണൂർ: ലോക് സഭ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും എൺപത്തിയഞ്ച് പിന്നിട്ട മുതിർന്ന പൗരൻമാർക്കും പോസ്റ്റൽ ബാലറ്റിന് ക്രമീകരണം ചെയ്തതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ അറിയിച്ചു.വോട്ടർ പട്ടികയിൽ 85 വയസ്സ് കഴിഞ്ഞ വോട്ടർക്ക് മറ്റ് രേഖകളൊന്നും ഹാജരാക്കാതെ തന്നെ പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം.
വോട്ടർപട്ടിക ഡാറ്റബേസിൽ ഭിന്നശേഷി വോട്ടറായി രേഖപ്പെടുത്തിയവർക്ക് ഈ വിഭാഗത്തിൽ ഫോറം 12 ഡി പ്രകാരമാണ് പോസ്റ്റൽ ബാലറ്റ് ലഭിക്കുക. ഫോറം 12 ഡി അപേക്ഷയോടൊപ്പം 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുണ്ടെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. ഫോറം 12 ഡി അപേക്ഷ നൽകി എന്നതുകൊണ്ട് മാത്രം ഒരാൾക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ലഭിക്കില്ല.
അതെ സമയം ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാത്ത പ്രായാധിക്യമോ മറ്റ് കാരണങ്ങളാലോ കിടപ്പിലായവർക്ക് നിലവിൽ പോസ്റ്റൽ ബാലറ്റിന് അർഹതയില്ല. എന്നാൽ അങ്ങനെയുള്ളവർക്ക് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിന് വാഹനത്തിന്റെയും വളണ്ടിയർമാരുടെയും സേവനം ലഭ്യമാക്കും.
സ്‌പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചു
കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ചാല ചിന്മയ ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിൽ 24 മണിക്കൂർ മേൽ നോട്ടത്തിനായി സ്‌പെഷ്യൽ എക്സിക്യൂട്ടിവ് മജിസ്‌ട്രേറ്റ്മാരെ നിയമിച്ചു.ഏപ്രിൽ 26ന് വോട്ടെടുപ്പ് പൂർത്തിയായതിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റും. ഈ യന്ത്രങ്ങൾ ജൂൺ നാലിന് വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാകും വരെ ഇവിടെ സൂക്ഷിക്കും. സ്‌പെഷ്യൽ എക്സ്‌ക്യൂട്ടിവ് മജിസ്‌ട്രേറ്റ്മാർക്ക് ഏപ്രിൽ 26 ന് രാത്രി എട്ട് മുതൽ വോട്ടെണ്ണൽ തീരുന്ന ജൂൺ നാല് വരെ മേൽനേട്ട ചുമതല ഉണ്ടായിരിക്കും. എ.ഡി.എം.കെ നവീൻ ബാബു വോട്ടെണ്ണൽ കേന്ദ്രത്തിലെ എക്സ്‌ക്യൂട്ടിവ് മജിസ്‌ട്രേറ്റുമാരുടെ മേൽനേട്ട ചുമതലയുള്ള ചാർജ് ഓഫീസറായി പ്രവർത്തിക്കും.
വോട്ടിംഗ് യന്ത്രങ്ങൾ വേർതിരിച്ചുതുടങ്ങി.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള വേർതിരിക്കൽ ആരംഭിച്ചു. സ്‌ട്രോംഗ് റൂമുകളിൽ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിച്ച് വെയർ ഹൗസിലെ നിയോജക മണ്ഡലങ്ങൾക്ക് അനുവദിച്ചിട്ടുള്ള റൂമുകളിലേക്ക് മാറ്റി. ഏപ്രിൽ മൂന്നിന് രാവിലെ മുതൽ അതാത് മണ്ഡലങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ എത്തിക്കും.രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് വേർതിരിക്കൽ നടന്നത്.