ആലക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്നതിനിടെ ജാമ്യത്തിൽ ഇറങ്ങിയ 42കാരൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി. പാത്തൻപാറയ്ക്കടുത്തുള്ള നൂലിട്ടാമലയിലെ കുന്നപ്പള്ളിക്കാട്ടിൽ ജോബി വർഗ്ഗീസി (42) നെയാണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 17ന് നടുവിൽ പ്രദേശത്തെ ഒരു ഷോപ്പിംഗ് കോംപ്ലക്സിലേയ്ക്ക് നടന്നുപോകും വഴി 14 കാരിയായ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.