കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടും വിഷുവുമെല്ലാം അടുത്തതോടെ ആവേശം പകരാൻ പടക്ക വിപണിയും സജീവമായി. അതിനിടയിൽ പടക്കങ്ങളുടെ അനധികൃത കടത്തും ജില്ലയിൽ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ശിവകാശിയിൽ നിന്നും അനധികൃതമായി കണ്ടെയ്നറിൽ കടത്തുകയായിരുന്ന പടക്കം എടക്കാട് പൊലീസ് പിടിച്ചെടുക്കുകയുണ്ടായി. ചാല ഭാഗത്തു നിന്നുമാണ് അലക്ഷ്യമായ രീതിയിൽ കണ്ടെയ്നറിൽ പടക്കം കടത്തിയത് പിടികൂടിയത്. ഒാൺലൈനിൽ ബുക്ക് ചെയ്ത പടക്കങ്ങളാണ് ഇത്തരത്തിൽ സുരക്ഷിതമല്ലാതെ കണ്ടെയ്നറുകളിൽ എത്തുന്നത്.

കഴിഞ്ഞ വർഷങ്ങളിലും സമാന രീതിയിൽ പടക്കങ്ങൾ എത്തിയിരുന്നു. എന്നാൽ ഇത്തവണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടും വിൽപ്പനക്കാർ കച്ചവട തന്ത്രങ്ങൾ മെനയുന്നുണ്ട്. കണ്ടെയ്നർ ലോറികളിൽ ആയതിനാൽ വരുന്നത് പടക്കം തന്നെയാണോ എന്ന് പോലും തിരിച്ചറിയാൻ സാധിക്കില്ല. പലപ്പോഴും വിജനമായ സ്ഥലങ്ങളിലാണ് ഇവ ഇറക്കുന്നത്. പിടിക്കപ്പെടുന്നതിന്റെ ഇരട്ടിയോളം അനധികൃതമായി ജില്ലയിലേക്കെത്തുന്നുണ്ടെന്നാണ് അറിയുന്നത്.

കടകളിൽ നിന്ന്‌ വാങ്ങുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക്‌ പടക്കം കിട്ടുമെന്നതിനാലാണ്‌ ആവശ്യക്കാർ ഓൺലൈൻ വിപണിയെ ആശ്രയിക്കുന്നത്. നികുതി വെട്ടിച്ച് ഇതരസംസ്ഥാനങ്ങളിൽ നിന്ന്‌ പടക്കമെത്തിക്കുന്നതാണ് കുറഞ്ഞവിലയ്‌ക്ക്‌ നൽകാനാവുന്നതെന്ന് കച്ചവടക്കാർ പറയുന്നു. കർശന സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് പടക്ക വ്യാപാരികൾക്ക് ലൈസൻസ് അനുവദിക്കുന്നത്. എന്നാൽ, ഓൺലൈൻ വിൽപനയ്ക്ക് ഇതൊന്നും ബാധകമല്ല. അതുകൊണ്ടുതന്നെ അപകടസാദ്ധ്യത കൂടുതലാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. സീസൺ സമയങ്ങളിൽ നിരവധി പേർക്ക് തൊഴിൽ നൽകാൻ സാധിക്കാറുണ്ടെങ്കിലും ഒാൺലൈനിൽ പടക്ക വിൽപ്പന ആരംഭിച്ചതോടെ വലിയ തിരിച്ചടിയായെന്നും കച്ചവടക്കാർ പറഞ്ഞു. ഓൺലൈനിൽ പടക്കവിൽപ്പന പാടില്ലെന്ന 2018ലെ സുപ്രീംകോടതി വിധി മറികടന്നാണ് നിയമവിരുദ്ധ വിൽപ്പന പൊടിപൊടിക്കുന്നതെന്നും ഇവർ പറയുന്നു.

1. പടക്കങ്ങൾ കടത്തുന്നത് മറ്റു ചരക്കുകൾക്കൊപ്പം സുരക്ഷിതമല്ലാതെ

2. ചെറിയൊരു അശ്രദ്ധപോലും വലിയ അപകടത്തിന് കാരണമായേക്കും

3. സ്‌ഫോടകവസ്തു സൂക്ഷിക്കുന്നതും വിൽപ്പന നടത്തുന്നതും ശ്രദ്ധയോടെ വേണമെന്നാണ് ചട്ടം

4. പടക്കങ്ങൾ പാർസൽ ഓഫീസുകൾക്ക് മുന്നിലും മണിക്കൂറുകളോളം കൂട്ടിയിടുന്നു

തട്ടിപ്പും കൂടെയുണ്ട്

ആപ്പുകൾ വഴി 3000 രൂപയ്ക്കു മുകളിൽ പടക്കം ബുക്ക് ചെയ്യുന്നവർക്കാണ് വൻകിട പടക്ക കമ്പനികൾ നിലവിൽ പടക്കങ്ങൾ എത്തിക്കുന്നത്. എന്നാൽ ഇവ പലപ്പോഴും വളരെ താഴ്ന്ന നിലവാരത്തിലുള്ളവയാണ്. പൊട്ടാത്തതും നിറങ്ങൾ ഇല്ലാത്തതും ഉപയോഗ ശൂന്യമായ പടക്കങ്ങളും ലഭിച്ചവരുണ്ട്. ഇവ പാർസൽ കമ്പനികളിൽ എത്തിയാൽ 1000 രൂപയോടടുത്ത് കൊറിയർ ചാർജ്ജും ഈടാക്കുന്നുവരുണ്ട്. അതിനു പുറമെ ചെക്കിംഗിലും മറ്റും പിടിച്ചെന്ന പേരിലും കൊള്ളലാഭവും ഈടാക്കും.

ഒാൺലൈൻ പടക്ക വിപണി ചെറുകിട കച്ചവടക്കാർക്ക് വലിയ തിരിച്ചടിയാവുകയാണ്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവ വൻ തോതിൽ ജില്ലയിലേക്കെത്തിക്കുന്നത്. അധികൃതർ കർശ്ശന നടപടിയെടുക്കണം.

കൃഷ്ണ ഫയർ വർക്സ്, കണ്ണൂർ