പരിയാരം: മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിലെ കാത്ത്ലാബ് തകർത്ത കേസിന്റെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. ഇത് സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകിയതായി പൊലീസ് അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ മുയ്യം ലൗഷോറിലെ എ.വി.രവീന്ദ്രൻ നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയായാണ് ഈ വിവരം ലഭിച്ചത്.
2023 ജനുവരി 31 നാണ് ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിച്ചത്. 2021 നവംബർ 18ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്ത അഞ്ചരകോടി രൂപ മുതൽമുടക്കിയ ജി.ഇ.ഇന്നോവ കമ്പനിയുടെ പുതിയ കാത്ത്ലാബ് 2022 മാർച്ച് 22 ന് കമ്പനി അധികൃതർ സർവീസ് നടത്തി കാര്യക്ഷമത ഉറപ്പുവരുത്തിയിരുന്നു. ഏപ്രിൽ 28 നാണ് കാത്ത്ലാബിന്റെ എക്സ്‌റേ ടാങ്ക് ഭാഗം പൊളിഞ്ഞ നിലയിൽ കണ്ടത്. 10 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് കാർഡിയോളജി വിഭാഗം തലവൻ ഡോ.എസ്.എം.അഷറഫ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി.
പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തുകയും, കണ്ണൂർ റീജിയണൽ ഫോറൻസിക് സയന്റിഫിക് ലാബിലെ ഫിസിക്സ് വിഭാഗത്തോട് റിപ്പോർട്ട് തേടുകയും ചെയ്തു. സയന്റിഫിക് ഓഫീസർ റിനി തോമസ് പരിശോധന നടത്തി വിശദമായ റിപ്പോർട്ടും സമർപ്പിച്ചു. ബലമുള്ള എന്തോ വസ്തു ഉപയോഗിച്ച് ശക്തമായി അമർത്തിയത് കാരണമാണ് കാത്ത്ലാബിന് കേടുപാടു സംഭവിക്കാൻ ഇടയായതെന്നായിരുന്നു ഇവരുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നിർദ്ദേശപ്രകാരം അന്നത്തെ സി.ഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക അന്വേഷണസംഘം തന്നെ രൂപീകരിക്കപ്പെട്ടിരുന്നു. എന്നാൽ കാര്യമായ അന്വേഷണമൊന്നും നടന്നില്ല. ഇത് മന:പൂർവ്വം ചെയ്തതോ അബദ്ധവശാൽ സംഭവിച്ചതോ എന്ന് കണ്ടെത്താൻ സാധിക്കാത്തതിനാൽ കേസ് ഇനിയും അന്വേഷിക്കുന്നതിൽ പ്രയോജനം ഇല്ലെന്ന ഉത്തമവിശ്വാസത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കപ്പെട്ടതല്ലാതെ ഒരു വിധത്തിലുള്ള തുടരന്വേഷണവും നടത്തിയില്ല. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എ.വി.രവീന്ദ്രൻ