u

ചെങ്കോട്ട എന്ന് കണ്ണൂരിന് പൊതുവിൽ പേരുണ്ടെങ്കിലും ലോക്‌സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രം നോക്കിയാൽ ഒരു ചുവടു മുന്നിൽ യു.ഡി.എഫാണ്. നിലനിറുത്താനും പിടിച്ചെടുക്കാനും ഇരുമുന്നണികളും കച്ചകെട്ടിയിറങ്ങിയ ഇത്തവണ പ്രവചനങ്ങൾക്ക് അതീതമായ മത്സരത്തിനാണ് മണ്ഡലം വേദിയാകുന്നത്. കണ്ണൂർ രാഷ്ട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്ന രണ്ടു നേതാക്കൾ തമ്മിൽ നേരിട്ടുള്ള മത്സരമെന്നത് പോരിന് വീര്യം കൂട്ടുന്നു. മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും കെ.പി.സി.സി അദ്ധ്യക്ഷന്റെയും തട്ടകമെന്ന നിലയിലും കണ്ണൂരിലെ ജയം മുന്നണികൾക്ക് അഭിമാന പ്രശ്‌നമാണ്.

കടുത്ത മത്സരമായതിനാൽ അടിത്തട്ടിലേക്ക് ഇറങ്ങിക്കളിക്കാനാണ് മുന്നണികളുടെ ശ്രദ്ധ. സമയം ധാരാളം കിട്ടിയതിനാൽ സി.പി.എം സ്വന്തം തട്ടകങ്ങൾ നന്നായി ഉഴുതുമറിച്ചു. കെ. സുധാകരൻ എന്ന നേതാവിന്റെ വലുപ്പം കൊണ്ട് അതിനെ പ്രതിരോധിക്കാൻ പരിശ്രമിക്കുകയാണ് യു.ഡി.എഫ്. തളിപ്പറമ്പ്, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, മട്ടന്നൂർ, ധർമ്മടം, പേരാവൂർ നിയമസഭാ മണ്ഡലങ്ങൾ കൂടിച്ചേരുന്നതാണ് കണ്ണൂർ മണ്ഡലം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ ഇരിക്കൂർ, പേരാവൂർ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളും എൽ.ഡി.എഫിന്റേതാണ്. ഈ മേധാവിത്തം ഇടതു ക്യാമ്പിന് ആത്മവിശ്വാസം പകരുന്നു.

ജയിച്ചാൽ താൻ ബി.ജെ.പിയിലേക്കു പോവില്ലെന്ന ഉറപ്പാണ് ജനങ്ങൾക്കു നൽകുന്നതെന്ന് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ എം.വി. ജയരാജൻ പറഞ്ഞുകൊണ്ടിരിക്കുന്നു. അതുവഴി മണ്ഡലത്തിൽ കാലാകാലങ്ങളായി കോൺഗ്രസിന് കിട്ടിക്കൊണ്ടിരുന്ന ന്യൂനപക്ഷ വോട്ട് ലക്ഷ്യം വച്ചുള്ള പ്രവർത്തന പദ്ധതിയാണ് എൽ.ഡി.എഫ്. ആസൂതണം ചെയ്തിരിക്കുന്നത്. ഇത്തവണ മത്സരിക്കാതെ മാറി നിൽക്കുമെന്നാണ് സുധാകരൻ പറഞ്ഞിരുന്നതെങ്കിലും, വേറെയാര് എന്ന ചോദ്യത്തിന് കോൺഗ്രസിൽ ഉത്തരമുണ്ടായില്ല. 50 വർഷത്തെ കോൺഗ്രസ് പ്രവർത്തനത്തിനു ശേഷം പാർട്ടി വിട്ട സി. രഘുനാഥ് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് പ്രതീക്ഷയോടെയാണ് സി.പി.എമ്മും വീക്ഷിക്കുന്നത്.


ഭരണവിരുദ്ധ വികാരം ലക്ഷ്യമിട്ടാണ് യു.ഡി.എഫ് പ്രചാരണം. വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ജനവികാരമുണർത്തുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. സുധാകരന്റെ വിവാദ പ്രസംഗങ്ങൾ എടുത്തുകാട്ടിയും വിവിധ മാദ്ധ്യമങ്ങളുടെ പ്രീ പോൾ സർവേ ഫലങ്ങൾ എടുത്തുപറഞ്ഞും, ബി.ജെ.പിയിലേക്കു പോകേണ്ടി വന്നാൽ പോകുമെന്ന കെ. സുധാകരന്റെ പ്രസ്താവനയുമെല്ലാമാണ് എൽ.ഡി.എഫ് പ്രചാരണത്തിൽ സമർത്ഥമായി ഉപയോഗിക്കുന്നത്. സി. രഘുനാഥിനെപ്പോലെ സുധാകരനും തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ബി.ജെ.പിയിലേക്ക് ചേരുമെന്ന പ്രചാരണത്തിനാണ് ഊന്നൽ. കഴിഞ്ഞ തവണ കെ. സുധാകരന് സി.പി.എമ്മിൽ നിന്ന് വോട്ട് ചോർന്നു കിട്ടിയിരുന്നെങ്കിൽ, ഇക്കുറി അതു തടയാനാണ് എം.വി. ജയരാജനെത്തന്നെ പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്.

ബി.ജെ.പി കളങ്കം

മായ്ക്കുമോ?

2019- ൽ കണ്ണൂരിൽ എൻ.ഡി.എയ്ക്കു ലഭിച്ചത് 6.5 ശതമാനം വോട്ടാണ്. വി. മുരളീധരൻ, പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭൻ തുടങ്ങി ഉന്നതരായ നേതാക്കൾ കണ്ണൂർ ജില്ലയിൽ പാർട്ടിക്കുണ്ടെങ്കിലും, മറ്റു മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കണ്ണൂരിൽ ബി.ജെ.പി ദുർബലമാണെന്നാണ് തിരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നത്. അതിനാൽ വോട്ട് മറിച്ചുവെന്ന ആരോപണം എക്കാലവും കണ്ണൂരിൽ ബി.ജെ.പിക്ക് എതിരെ ഉയരാറുണ്ട്. ഇത്തവണ ആ ആരോപണത്തിന്റെ മുനയൊടിക്കാനുള്ള നീക്കമാണ് എൻ.ഡി.എ നടത്തുന്നത്. വോട്ടു ചോർച്ച തടയാനുള്ള ശ്രമങ്ങൾക്ക് സ്ഥാനാർത്ഥി സി. രഘുനാഥ് തന്നെയാണ് നേതൃത്വം നൽകുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ കെ. സുധാകരന്റെ വലംകൈ ആയി പ്രവർത്തിച്ചയാളാണ് സി. രഘുനാഥ്.


ന്യൂനപക്ഷ

ഏകീകരണം

ഘടകകക്ഷിയായ മുസ്ലിം ലീഗിനു പുറമേ പരസ്യ പിന്തുണയുമായി എസ്.ഡി.പി.ഐ കൂടി എത്തിയതോടെ മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും പരമ്പരാഗത ശക്തികേന്ദ്രമായ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ തിരിച്ചടി സംഭവിക്കുമോ എന്ന ആശങ്ക യു.ഡി.എഫ് ക്യാമ്പിനുണ്ട്. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി ബന്ധം ക്രൈസ്തവ വോട്ട് ബാങ്കിനെ അകറ്റിയ മുൻ അനുഭവങ്ങളാണ് യു.ഡി.എഫിനെ വേട്ടയാടുന്നത്. ഹൈന്ദവ വോട്ടുകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.

മാത്രമല്ല, കണ്ണൂരിൽ മുസ്ലിം ലീഗും കെ. സുധാകരനും തമ്മിൽ ചെറിയൊരു ശീതസമരം നടക്കുന്നുണ്ടെന്നത് അനുകൂല ഘടകമായി സി.പി.എം കാണുന്നു. കണ്ണൂർ മണ്ഡലത്തിലെ തങ്ങളുടെ അവകാശ വാദത്തിന്റെ മുനയൊടിക്കാനാണ് അവസാന നിമിഷം കെ. സുധാകരൻ സ്ഥാനാർത്ഥിയായി എത്തിയതെന്ന് ലീഗ് നേതൃത്വം കരുതുന്നു. സംഘപരിവാർ അനുകൂല വിവാദ പ്രസംഗങ്ങൾ സുധാകരൻ നടത്തിയെന്ന ആരോപണവും ലീഗിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സമസ്ത, കാന്തപുരം എ.പി സുന്നി, മുജാഹിദ് വിഭാഗങ്ങളുമായി സുധാകരനുള്ള അക

ൽച്ച വർദ്ധിപ്പിച്ചുകൊണ്ടുള്ള സംഘപരിവാർ വിരുദ്ധ പ്രചരണമാണ് സി.പി.എം ഏറ്റെടുത്തിരിക്കുന്നത്. മൂന്നു ലക്ഷത്തോളം വരുന്ന മുസ്ളിം വോട്ടുകൾ ഇത്തവണ ആർക്കൊപ്പം നിൽക്കും എന്നത് ശ്രദ്ധേയമാണ്.
.
രാഹുൽഗാന്ധി കഴിഞ്ഞ തവണ ആദ്യമായി വയനാട്ടിൽ മത്സരിക്കാനെത്തിയതിനെ തുടർന്നുണ്ടായ യു.ഡി.എഫ് അനുകൂല രാഷ്ട്രീയ സാഹചര്യം ഇക്കുറിയില്ല. സി.പി.എം ജില്ലാ സെക്രട്ടറി തന്നെ മത്സരത്തിനിറങ്ങിയ സാഹചര്യത്തിൽ പാർട്ടി സംവിധാനം ഏറ്റവും ശക്തമായി വിനിയോഗിച്ചാണ് സി.പി.എം പ്രചാരണം. ഇത്തരം ഘടകങ്ങൾ മറികടന്നു വേണം സുധാകരന് മണ്ഡലം നിലനിറുത്താൻ. അതേസമയം,​ യു.ഡി.എഫിനെ സംബന്ധിച്ച് കണ്ണൂരിൽ ഏറ്റവും ക്രൗഡ് പുള്ളറായ നേതാവ് കെ. സുധാകരൻ തന്നെയാണ്. അവസാന ദിവസങ്ങളിൽ ലീഗും സുധാകരനു വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് സാദ്ധ്യത.