കണ്ണൂർ: സമുദ്രാന്തർ ഭാഗത്തെ വിസ്മയക്കാഴ്ചകളും വിജ്ഞാന പ്രദർശനങ്ങളുമായി മറൈൻ എക്സ്‌പോയ്ക്ക് അഞ്ചിന് പൊലീസ് മൈതാനിയിൽ തുടക്കമാകും. എ ടു സെഡ് ഇവന്റ്സ് ഒരുക്കുന്ന എക്സ്‌പോ ചലച്ചിത്രതാരം അനുശ്രീ ഉദ്ഘാടനം ചെയ്യും.
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ജീവിതവും അദ്ദേഹത്തിന്റെ ചിന്തകളും ആസ്പദമാക്കിയ പവലിയൻ ഇതോടൊപ്പമുണ്ട്. കൂടാതെ ലോകത്തിൽ ഏറെ ശ്രദ്ധേയമായതും വിദേശരാജ്യങ്ങളിൽ വൻവിജയവുമായ മഡഗാസ്‌കർ സിനിമയിലെ കഥാപാത്രങ്ങളുടെ ത്രിമാന രൂപങ്ങൾ മേളയിലുണ്ട്. വളരെ അപൂർവ്വമായി കാണാവുന്ന പക്ഷികളുടെ പെറ്റ്‌ഷോ എക്സിബിഷനും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
മേളയിലെ റോബോട്ടിക് ആനിമൽ പവലിയനും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നതാണ്. കണ്ണൂരിൽ ആദ്യമായാണ് ഏറ്റവും വിശാലമായ അക്രേലിക് അക്വേറിയം. ലക്ഷങ്ങൾ വിലവരുന്ന വൈവിദ്ധ്യമാർന്ന മത്സ്യങ്ങളാണ് ടണൽ അക്വേറിയത്തിൽ ഉള്ളത്. അരാപൈമ, അലിഗെറ്റർഗാർ, പിരാന, കടൽമത്സ്യങ്ങളായ ബട്ടർഫ്‌ളൈ, ബാറ്റ് ഫിഷ്, സ്റ്റാർ ഹണിമൂൺ തുടങ്ങിയവ ഇതിലുണ്ട്.
ഇരുന്നൂറടി നീളത്തിൽ അണ്ടർവാട്ടർ അക്രലിക് ഗ്ലാസ് ടണലും നാനൂറടി നീളത്തിൽ മറ്റ് അക്വേറിയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ മറൈൻ എക്സ്‌പോ കോഓർഡിനേറ്റർ എ.കെ.നായർ, ലീഗൽ അഡ്വൈസർ പി.ഒ.രാധാകൃഷ്ണൻ, ശ്രീഹരി, മനു എസ്.നായർ എന്നിവർ പങ്കെടുത്തു.