നീലേശ്വരം: കോടോം -ബേളൂർ പഞ്ചായത്തിലെ മൂപ്പിൽ, ശാസ്താംപാറ, ആനപ്പെട്ടി കോളനികളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ദാഹജലത്തിനായി ഇവിടുത്തെ ജനങ്ങൾക്ക് ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണ്. രണ്ട് വർഷം മുമ്പ് ജൽജീവൻ മിഷൻ പദ്ധതിയിലൂടെ വാർഡിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കിയെങ്കിലും ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ പദ്ധതി നോക്കുകുത്തിയായി കിടക്കുകയാണ്.

കോടോത്ത് പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് എണ്ണപ്പാറയിൽ ടാങ്ക് നിർമ്മിച്ച് ഒമ്പത് കിലോമീറ്റർ ചുറ്റി വളഞ്ഞാണ് പദ്ധതി വഴി മൂപ്പിൽ ഭാഗത്ത് വെള്ളമെത്തിച്ചത്. ഇതിനിടയിൽ റോഡ് നിർമ്മാണം നടത്തുന്നതിനിടയിൽ പൈപ്പുകൾ പല സ്ഥലങ്ങളിലും പൊട്ടുകയും ചെയ്തു. കേരള വാട്ടർ അതോറിറ്റിയാണ് വെള്ളം എത്തിക്കാനുള്ള പ്രവൃത്തി ഏറ്റെടുത്തത്. ഇതിന് കൃത്യമായി ബില്ല് വരികയും ജനങ്ങളെക്കൊണ്ട് പണം അടപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഈ പൈപ്പുകളെല്ലാം നോക്കുകുത്തികളായി നിൽക്കുകയാണ്.

നാട്ടുകാരും പഞ്ചായത്ത് മെമ്പർമാരും ഉൾപ്പെടെ പലവട്ടം അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ തകരാർ പരിഹരിക്കാനോ കുടിവെള്ളമെത്തിക്കാനോ തയ്യാറായിട്ടില്ല. ഇതിന്റെ പേരിൽ കരാറുകാരനും വാട്ടർ അതോറിറ്റിയും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നാണ് പരാതി.

വറ്റാത്ത കരുണ അല്പം ആശ്വാസം

മൂപ്പിൽ കോളനിയിലെ അന്തേവാസികളുടെ ദുരിതാവസ്ഥ കണ്ട് പ്രവാസി വ്യവസായിയും കാരുണ്യ പ്രവർത്തകനുമായ മണികണ്ഠൻ മേലത്ത് ഈ കോളനിയിൽ ഒരു കുഴൽ കിണർ കുഴിച്ച് നൽകിയിട്ടുണ്ട്. ഇത് ഇവിടുത്തെ ജനങ്ങൾക്ക് കടുത്ത വരൾച്ചയിലും അല്പം ആശ്വാസമായി. മൂപ്പിൽ പ്രദേശങ്ങളിൽ പൊതുവെ 700 അടി കുഴിച്ചാലും കുഴൽ കിണറിൽ വെള്ളം കിട്ടാറില്ല. സാധാരണ കിണറുകളിലും വെള്ളം തീരെ കുറവാണ്.

ആല്ലയിൽ 600 രൂപ കൊടുത്താണ് പ്രദേശവാസികൾ ലോറിയിൽ വെള്ളം കൊണ്ട് വന്ന് ആവശ്യം പരിഹരിക്കുന്നത്. പ്രദേശവാസികളുടെ കുടിവെള്ള പ്രശ്നം പല പ്രാവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരം കാണാനായില്ല.

അഡ്വ. ഷീജ, പഞ്ചായത്ത് അംഗം