1

കാസർകോട്: ഒറ്റ തവണത്തെ ഇടവേള അവസാനിപ്പിച്ച് പാലക്കുന്ന് ടൗണിലെ തണ്ണിമത്തൻ വ്യാപാരി ഇസ്മായിൽ ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നു. നാലുതവണ കാസർകോട് മണ്ഡലത്തിൽ മത്സരിച്ച അനുഭവസമ്പത്തുള്ള സ്ഥാനാർത്ഥി തണ്ണീർപന്തലിലെ തിരക്കൊന്ന് കുറഞ്ഞാൽ പ്രചാരണത്തിൽ സജീവമാകും.

കാഞ്ഞങ്ങാട് അരയി കണ്ടംകുട്ടിചാൽ സ്വദേശിയായ ഈ അറുപതുകാരൻ കഴിഞ്ഞ 15 വർഷമായി പാലക്കുന്ന് ടൗണിൽ തണ്ണിമത്തനും പൈനാപ്പിളും പപ്പായയും വിറ്റാണ് ഉപജീവനം തേടുന്നത്. വെയിൽ കടുക്കുമ്പോൾ, ചെറുതായി വെട്ടിയരിഞ്ഞ് മസാലയും ചേർത്ത് നൽകുന്ന പഴങ്ങൾ കഴിക്കാൻ ഇസ്മായീലിനെ തേടി ഇഷ്ടം പോലെ ആളുകളെത്തും. വൈകുന്നേരം നോമ്പുതുറ വിഭവങ്ങൾ ആവശ്യമുള്ളവരുടെ തിരക്കാണ്. കാഞ്ഞങ്ങാട് ടി ബി റോഡ് ജംഗ്ഷനിലായിരുന്നു നേരത്തെ.

നേരത്തെ ടി.ഗോവിന്ദൻ വിജയിച്ച രണ്ടു തിരഞ്ഞെടുപ്പുകളിലും പി.കരുണാകരൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രനായി മത്സരിച്ച ഇസ്മായിൽ ഓരോ തവണയും പതിനയ്യായിരത്തിനും ഇരുപതിനായിരത്തിനുമിടയിൽ വോട്ടുകൾ നേടിയിരുന്നു.കച്ചവടത്തിന്റെ തിരക്കിലായതിനാൽ 2019ൽ മത്സരിച്ചില്ല.

നിത്യോപയോഗ സാധനങ്ങളുടേയും പഴവർഗങ്ങളുടെ വിലക്കയറ്റം, അഴിമതി തുടങ്ങിയവയ്ക്കെതിരെയാണ് ഇസ്മായിൽ വോട്ട് തേടുന്നത്. പെരിയയിൽ എയർ പോർട്ട് , എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ എന്നിവയും ഇസ്മായിലിന്റെ പ്രസിദ്ധീകരിക്കാത്ത പ്രകടനപത്രികയിലുണ്ട്. നോമിനേഷൻ കൊടുക്കാൻ രേഖകളെല്ലാം തയ്യാറാക്കി കഴിഞ്ഞു. ആര് പറഞ്ഞാലും സ്ഥാനാർത്ഥിത്വത്തിൽ പിന്നോട്ടില്ലെന്നാണ് ഇസ്മായിൽ ഇപ്പോൾ പറയുന്നത്.