vaidhyalingam

 മാഹിയിലെ സി.പി.എം വോട്ടുകളും നിർണായകം

മാഹി: മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിലെ ഏക പാർലിമെന്റ് മണ്ഡലത്തിലേക്ക് ഇക്കുറി പോരാട്ടം തീപാറും. പുതുച്ചേരിയിലെ വിജയം തമിഴ്നാട്ടിൽ ബി.ജെ.പിയുടെ വളർച്ചക്ക് വളമാകുമെന്നതിനാൽ അഭിമാനപ്രശ്നമായാണ് പാർട്ടി കണക്കിലെടുക്കുന്നത്. പുതുച്ചേരി ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ എ. നമ:ശ്ശിവായത്തെയാണ് ഈ ദൗത്യം ബി.ജെ.പി ഏൽപ്പിച്ചിരിക്കുന്നത്.

തെക്കെയിന്ത്യയിൽ കോൺഗ്രസിന്റെ ശക്തിദുർഗ്ഗമായിരുന്നു കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി. സീറ്റ് നിലനിർത്തുന്നതിന്റെ പ്രധാന്യം കണക്കിലെടുത്ത് സിറ്റിംഗ് എം.പിയും മുൻമുഖ്യമന്ത്രിയുമായ വി.വൈദ്യലിംഗത്തെയാണ് കോൺഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്.

അൻപത്തിനാലുകാരനായ ബി.ജെ.പി സ്ഥാനാർത്ഥി എ.നമശിവായം രംഗസാമി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയാണ്.സംസ്ഥാനത്തെ പ്രബലരായ വണ്ണിയർ സമുദായംഗമാണ് ഇദ്ദേഹം. മൂന്ന് പതിറ്റാണ്ടുകാലം എം.എൽ.എ,​ മന്ത്രി,​ മുഖ്യമന്ത്രി,​ പ്രതിപക്ഷനേതാവ്,​ എം.പി എന്നിങ്ങനെ പല നിലകളിൽ ശോഭിച്ച അഴിമതിക്കറ തീണ്ടാത്ത വൈദ്യലിംഗത്തെ തോൽപ്പിക്കുകയെന്നത് ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയാണ്.

അതെ സമയം പുതുച്ചേരിയിൽ ഒപ്പമുള്ള സി.പി.എം നിർണായക സ്വാധീനമുള്ള മയ്യഴിയിൽ കോൺഗ്രസിനെതിരെ നിലപാട് സ്വീകരിച്ചത് ഇന്ത്യ മുന്നണിക്ക് തലവേദനയാണ്. ഈ മാസം 19നാണ് പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ്.

ബി.ജെ.പി നിലംതൊട്ടത് 2001ൽ
പുതുച്ചേരിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് 1963ലാണ്. ബി.ജെ.പിക്ക് ആദ്യ എം.എൽ.എയെ ലഭിച്ചത് ഡി.എം.കെ കൂട്ടുകെട്ടിലൂടെ 2001ൽ. പിന്നീട് 2014ൽ നോമിനേഷനിലൂടെ ബി.ജെ.പിക്ക് ഒരു എം.എൽ.എയെ ലഭിച്ചു. മൂന്ന് പേരെ നോമിനേഷനിലൂടെ കേന്ദ്രം പുതുച്ചേരി നിയമസഭയിലെത്തിച്ചത് 2016ലാണ്. തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്ക് സ്വന്തമായി ആറ് എം.എൽ.എമാരെ ലഭിച്ചത് ഇരുപത് വർഷത്തിന് ശേഷമായിരുന്നു.എൻ.രംഗസാമിയുടെ എൻ.ആർ.കോൺഗ്രസ്,എ.ഐ.എ.ഡി.എം.കെ മുന്നണിയിൽ മത്സരിച്ചാണ് ബി.ജെ.പി പുതുച്ചേരി ഭരണം പിടിച്ചത്. രണ്ട് മന്ത്രിമാരെയും സ്പീക്കറെയും പാർട്ടിക്ക് ലഭിച്ചു.ഒപ്പം മൂന്ന് ബി.ജെ.പിക്കാരെ നോമിനേഷനിലൂടെയും കേന്ദ്രം നിയമസഭയിൽ എത്തിച്ചു.

ആദ്യകാലത്ത് ലോക് സഭയിലേക്ക് തനിച്ച് മത്സരിച്ചിരുന്ന ബി.ജെ.പി 1999ൽ ഡി.എം.കെ മുന്നണിയിലായിരുന്നു. തോൽവിയായിരുന്നു ഫലം. എ.ഐ.ഡി.എം.കെ മുന്നണിയിലായിരുന്ന

2004ൽ ലളിതാ കുമരമംഗലം തോറ്റെങ്കിലും അന്ന് കെട്ടിവച്ച കാശ് തിരികെ ലഭിച്ചു.2009ൽ തനിച്ച് മത്സരിച്ചപ്പോൾ കിട്ടിയത് 13000 വോട്ടുകൾ മാത്രമായിരുന്നു.2014ൽ ഡി.എം.ഡി.കെ,പി.എം.കെ,എം.ഡി.എം.കെ പാർട്ടികളോടൊപ്പം മുന്നണിയിലായിരുന്നു ബി.ജെ.പി .പുതുച്ചേരി സീറ്റിൽ മത്സരിച്ചത് പി.എം.കെ. ഫലം തോൽവി.2019ൽ എൻ.ആർ.കോൺഗ്രസ്സ് ,എ.ഐ.എ.ഡി.എം.കെ ,ബി.ജെ.പി മുന്നണിയിൽ എൻ.ആർ.കോൺഗ്രസിനായിരുന്നു അവസരം.കോൺഗ്രസിലെ കരുത്തനായ വൈദ്യലിംഗം 57.8 ശതമാനം വോട്ട് നേടി 1.30 ലക്ഷം ഭൂരിപക്ഷത്തിന് ജയിച്ചു.

പഴയ ചിത്രം മാറി
തനിച്ച് മത്സരിച്ചാൽ കെട്ടിവച്ച കാശ് കിട്ടാത്ത നിലയിലായിരുന്ന പഴയ അവസ്ഥയിലല്ല പുതുച്ചേരി ബി.ജെ.പി ഇന്ന്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ പതിനാറും ബി.ജെ.പി ,എൻ.ആർ.കോൺഗ്രസ് സഖ്യം നേടി. കോൺഗ്രസ് രണ്ടിലും ഡി.എം.കെ ആറിലുമാണ് ജയിച്ചത്. എട്ട് സീറ്റുകളിൽ സ്വതന്ത്രർക്കായിരുന്നു ജയം. സ്വതന്ത്രർ നൽകിയ പിന്തുണ കൂടിയായപ്പോൾ സംസ്ഥാനത്ത് 30ൽ 22 മണ്ഡലങ്ങളും ഫലത്തിൽ ബി.ജെ.പിക്കൊപ്പമാണ്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പമുണ്ടായിരുന്ന എ.ഐ.ഡി.എം.കെ ഇക്കുറി സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയതാണ് ബി.ജെ.പി ,എൻ.ആർ മുന്നണിയുടെ പ്രതിസന്ധി.