
കണ്ണൂരിൽ ആദ്യ പത്രിക സ്വതന്ത്രസ്ഥാനാർത്ഥിയുടേത്
കണ്ണൂർ: സ്വതന്ത്ര സ്ഥാനാർത്ഥിയായി കെ.സി.സലീം ഇന്നലെ ഉച്ചക്ക് ശേഷം കളക്ടറേറ്റിൽ എത്തി ജില്ലാ വരണാധികാരിയായ കളക്ടർ അരുൺ കെ.വിജയൻ മുമ്പാകെ ഒരു സെറ്റ് പത്രിക സമർപ്പിച്ചതോടെ കണ്ണൂർ പാർലിമെന്റ് മണ്ഡലത്തിൽ പത്രികാസമർപ്പണം തുടങ്ങി. എൽ.ഡി.എഫ്, യു.ഡി.എഫ് , എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പത്രികാസമർപ്പണം ഇന്ന് നടക്കുന്നതോടെ തിരഞ്ഞെടുപ്പ് രംഗത്തിനും ചൂടേറും.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ ഇന്ന്
രാവിലെ 10ന് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരം കേന്ദ്രീകരിച്ച് പ്രകടനമായെത്തി കാൽടെക്സിലെ എ.കെ.ജി പ്രതിമയിലും ഗാന്ധി പ്രതിമയിലും പുഷ്പാർച്ചന നടത്തും. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭരണഘടനയുടെ ആമുഖം വായിച്ച ശേഷം പത്രിക സമർപ്പിക്കാൻ കളക്ടറേറ്റിലേക്ക് പോകും.
യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കളക്ട്രേറ്റിലെത്തി പത്രിക സമർപ്പിക്കും. ഡി.സി.സി ഓഫീസിൽ നിന്നും പ്രവർത്തകരുടെ അകമ്പടിയോടെ ആയിരിക്കും സ്ഥാനാർത്ഥിയുടെ യാത്ര.
എൻ.ഡി.എ. സ്ഥാനാർത്ഥി സി. രഘുനാഥ് ഇന്ന് രാവിലെ 10ന് കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ നിന്ന് പ്രകടനമായി കളക്ടറേറ്റിലെത്തിയാണ് പത്രിക സമർപ്പിക്കും
കാസർകോട്ട് അഞ്ച് പത്രികകൾ
കാസർകോട് പാർലിമെന്റ് മണ്ഡലത്തിൽ ഇന്നലെ മൂന്ന് സ്ഥാനാർത്ഥികൾ കൂടി പത്രിക സമർപ്പിച്ചു. എം.സുകുമാരി (ബഹുജൻ സമാജ് പാർട്ടി ) ടി.അനീഷ് കുമാർ (സ്വതന്ത്രൻ), കേശവ നായ്ക് (സ്വതന്ത്രൻ) എന്നിവരാണ് വരണാധികാരി കെ.ഇമ്പശേഖർ മുമ്പാകെ നാമനിർദ്ദേശ പത്രിക നൽകിയത്. ബി.ജെ.പി സ്ഥാനാർത്ഥികളായ എം.എൽ.അശ്വിനി, എവേലായുധൻ എന്നിവർ നേരത്തെ പത്രിക സമർപ്പിച്ചിരുന്നു. അഞ്ച് സ്ഥാനാർത്ഥികളാണ് ഇതുവരെ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയത്.