ഇരിട്ടി: ആറളം ഫാമിൽ കശുവണ്ടി ശേഖരിക്കുന്ന തൊഴിലാളികളെ കാട്ടാന ഓടിച്ചു. രണ്ട് പേർക്ക് വീണ് പരിക്കേറ്റു. ഫാമിലെ ഒമ്പതാം ബ്ലോക്കിൽ കശുവണ്ടി ശേഖരിക്കുകയായിരുന്ന തൊഴിലാളികളായ ധന്യ, നാരായണി എന്നി തൊഴിലാളികളെയാണ് കാട്ടാന ഓടിച്ചത്. ഓടുന്ന നിടയിൽ വീണ് ഇവർക്ക് പരിക്കേൽക്കുകയായിരുന്നു. കാട്ടാനകൾ കാരണം ഫാമിലെ കശുവണ്ടിയുടെ വിളവെടുപ്പ് ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഫാമിന്റെ പ്രധാന വരുമാന മാർഗ്ഗമാണ് കശുവണ്ടി. കശുവണ്ടി വിളവെടുപ്പ് ശരിയായി നടന്നില്ലെങ്കിൽ ഫാം കൂടുതൽ പ്രതിസന്ധിയിലാകും. ഫാമിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താനുള്ള രണ്ട് ദൗത്യങ്ങളും വേണ്ടത്ര വിജയിച്ചില്ല. ഫാമിൽ ഇപ്പോൾ 40ഓളം കാട്ടാനകളുണ്ട് എന്ന് പറയുന്നു. കശുവണ്ടി ശേഖരിക്കുന്ന തൊഴിലാളികളെ കാട്ടാനകൾ ഓടിച്ചതോടെ തൊഴിലാളികൾ ഭയന്ന് കഴിയുകയാണ്.