ep

കണ്ണൂർ: റിയാസ് മൗലവി കേസ് കേരള സർക്കാർ ഫലപ്രദമായി കൈകാര്യം ചെയ്തുെവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കേസിലെ വിധി ഉത്കണ്ഠപ്പെടുത്തുന്നതും ഭയാശങ്കയുണ്ടാക്കുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് തവണയാണ് കേസിൽ ജഡ്ജ് മാറിയത്. പൊലീസ് മികച്ച അന്വേഷണം നടത്തിയിട്ടുണ്ട്. തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ കോടതി വിട്ടയച്ചുവെന്നും വിധി ഞെട്ടിപ്പിക്കുന്നു. പ്രതികളെ വെറുതെ വിടാൻ കോടതി ഉന്നയിച്ചത് ബാലിശമായ വാദങ്ങളാണ്. വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി. അപ്പീൽ നൽകിയിട്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ആർ.എസ്.എസിനെ സംരക്ഷിക്കാൻ പ്രതിപക്ഷ നേതാവാണ് ശ്രമിക്കുന്നതെന്നും ജയരാജൻ വിമർശിച്ചു.

എസ്.ഡി.പി.ഐ പിന്തുണയ്ക്ക് പിന്നിൽ പ്രതിപക്ഷനേതാവിന്റെ വാഗ്ദാനം

പ്രതിപക്ഷ നേതാവ് നടത്തിയ ചർച്ചയിലെ വാഗ്ദാനത്തിന്റെ ഭാഗമായാണ് എസ്.ഡി.പി.ഐ യു.ഡി.എഫിന് പിന്തുണ നൽകിയിരിക്കുന്നത്. എസ്.ഡി.പി.ഐ-യുഡിഎഫ് ഐക്യം ന്യൂനപക്ഷ വിഭാഗത്തിന് വലിയ ഭീഷണിയാണ്. ഒരു ഭാഗത്ത് ആർ.എസ്.എസ് ബന്ധവും മറുഭാഗത്ത് എസ്.ഡി.പി.ഐ ഐക്യവും എന്നാണ് യു.ഡി.എഫ് സ്വീകരിക്കുന്ന നിലപാട്. ആറ്റിങ്ങലിൽ പണം വാങ്ങി വോട്ട് മറിച്ച് നൽകുകയായിരുന്നുവെന്നും ഇ.പി ജയരാജൻ ആരോപിച്ചു. വൻ തോതിൽ പണം വാങ്ങി ബി.ജെ.പി ഓഫീസ് സെക്രട്ടറി ജയരാജ് കൈമൾ കോൺഗ്രസിന് വോട്ട് മറിച്ചു നൽകി. ഇത് ഒരു സ്ഥലത്ത് മാത്രമല്ല, എല്ലായിടത്തും നടക്കും. ഓരോ ദിവസവും കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. കോൺഗ്രസിന് തലയിൽ മുണ്ടിട്ടേ നടക്കാൻ കഴിയൂ എന്ന അവസ്ഥയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.